വിദ്യാർഥികൾക്ക് ലോകകപ്പിലേക്ക് ക്ഷണം; ഖത്തറിന് നന്ദി അറിയിച്ച് കുവൈത്ത് മന്ത്രിസഭ
text_fieldsമന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിക്കുന്നു
കുവൈത്ത് സിറ്റി: അൽതാനി ബലാത് അൽ ശുഹദാ സ്കൂളിലെ വിദ്യാർഥികൾക്ക് ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള ഖത്തറിന്റെ ക്ഷണത്തിൽ കുവൈത്ത് മന്ത്രിസഭ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദി അറിയിച്ചു.
സൈഫ് കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം സൂചിപ്പിക്കുന്നതാണ് ക്ഷണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കുവൈത്ത് സർക്കാറിനും ജനങ്ങൾക്കും വേണ്ടി മന്ത്രിസഭ അഗാധമായ നന്ദി അറിയിച്ചു. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഖത്തറിന് കുവൈത്ത് മന്ത്രിസഭ ആത്മാർഥമായ ആശംസകളും നേർന്നു.
ക്ഷണം ഖത്തറിന്റെ ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുകയും ലോക ഫുട്ബാളിന്റെ ചിട്ടയായ സംഘാടനത്തിൽ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുന്നുവെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക് അലി അൽ ഷൈതാൻ പറഞ്ഞു. ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ആഘോഷിക്കുന്ന കുവൈത്ത് സ്കൂൾ വിദ്യാർഥികളുടെ വിഡിയോക്കു പിന്നാലെയാണ് ക്ഷണം.
കുവൈത്ത് സന്ദർശനവേളയിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയുമായി നടത്തിയ ചർച്ചയുടെ ഫലങ്ങൾ പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളെ അറിയിച്ചു.
കുവൈത്തും ഇറാഖും തമ്മിലുള്ള അടുത്ത ബന്ധം, പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, സഹകരണത്തിന് പുതിയ മേഖലകൾ തുറക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. എല്ലാ പ്രദേശങ്ങളിലും വാണിജ്യ പ്ലോട്ടുകൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്ക് മന്ത്രിസഭ നിർദേശം നൽകി. മറ്റു പ്രധാനമായതും പരിഗണനയിലുള്ള വിഷയങ്ങളും ചർച്ചചെയ്തു.
നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ ഇന്തോനേഷ്യയെ കുവൈത്തിന്റെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച മന്ത്രിസഭ പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

