അന്താരാഷ്ട്ര നിശ്ശബ്ദത ക്രിമിനൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും -കുവൈത്ത്
text_fieldsഡോ. ഖാലിദ് മഹ്ദി
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കൽ, ഗസ്സയിലേക്ക് മാനുഷികസഹായങ്ങൾ എത്തിക്കുന്നതിന് അതിർത്തികൾ തുറക്കൽ എന്നിവയുടെ പ്രാധാന്യം ഉണർത്തി കുവൈത്ത്. കൈറോയിൽ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ അഞ്ചാം സെഷനിൽ കുവൈത്ത് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഖാലിദ് മഹ്ദിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ക്രൂരമായി കൊല്ലുന്നതും വീടുകൾ തകർക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും ഉൾപ്പെടെ ഗസ്സ കടന്നുപോകുന്ന ദുരന്ത സാഹചര്യത്തിന്റെ വെളിച്ചത്തിലാണ് യോഗമെന്ന് മഹ്ദി പറഞ്ഞു. വിഷയത്തിൽ അന്താരാഷ്ട്ര നിശ്ശബ്ദതയെ അദ്ദേഹം അപലപിച്ചു. ഇത്തരം നിലപാടുകൾ അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ബഹുമാനത്തിൽ ഭാവിയിൽ ക്രിമിനൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
മാനുഷിക സഹായത്തിന്റെ പ്രവേശനം തടയുക, ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി ആയിരങ്ങളെ കൊന്നൊടുക്കിയതുൾപ്പെടെ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ മഹ്ദി അപലപിച്ചു. ഗസ്സക്കെതിരായ ആക്രമണം തടയാൻ ലക്ഷ്യമിടുന്ന അറബ്-ഇസ്ലാമിക് മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ പങ്കിനെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

