ഫലസ്തീൻ: അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കുവൈത്തും ഖത്തറും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുമായി കൂടിക്കാഴ്ചയിൽ. അമീറിന്റെ ഖത്തർ സന്ദർശനത്തിനിടെ ചൊവ്വാഴ്ച അൽ വജ്ബ പാലസിലായിരുന്നു കൂടിക്കാഴ്ച
കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്തും ഖത്തറും. അന്താരാഷ്ട്ര നിയമത്തിനും മാനുഷിക നിയമങ്ങൾക്കും അനുസൃതമായി യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഖത്തർ സന്ദർശനത്തിന് പിറകെയാണ് സംയുക്ത പ്രസ്താവന. ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ശ്രമങ്ങൾ തടയുകയും വേണം.
ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. ദ്വിരാഷ്ട്ര പരിഹാര തത്ത്വത്തിലൂടെ ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ ഒത്തുതീർപ്പിലെത്തേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ചൂണ്ടിക്കാട്ടി. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ കുവൈത്ത് പ്രശംസിച്ചു. ഫലസ്തീൻ തടവുകാരെ കൈമാറുന്നതിലും ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിലും വഹിച്ച പങ്കിനെയും സൂചിപ്പിച്ചു.
ആഗോള വ്യാപാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെങ്കടൽ മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തേണ്ടതിന്റെയും കടൽ സഞ്ചാരത്തിനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളുടെ യോജിപ്പും ഐക്യവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യം കുവൈത്ത് ഇറാഖ് സമുദ്രാതിർത്തി നിർണയം, കുവൈത്തും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിപുലപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

