അന്താരാഷ്ട്ര സഖ്യം മന്ത്രിതല യോഗം: വിദേശകാര്യ മന്ത്രി പങ്കെടുത്തു
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യോഗത്തിൽ
കുവൈത്ത് സിറ്റി: ഐ.എസിനെ പരാജയപ്പെടുത്താനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. സൗദി തലസ്ഥാനമായ റിയാദിലാണ് യോഗം നടന്നത്. സിറിയൻ ക്യാമ്പുകളിൽ കഴിയുന്ന വിദേശ കുടുംബങ്ങളെ മാറ്റുന്നതിൽ കുവൈത്ത് വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ശൈഖ് സലിം യോഗത്തിൽ ഉണർത്തി.
മഹത്തായ മാനുഷിക അർഥങ്ങളെയും സൗഹൃദ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണത്തെയും അത് പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. യൂറോപ്, ഏഷ്യ, അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ 13 രാജ്യങ്ങളിൽനിന്നുള്ള 667 പോരാളികളെയും അവരുടെ കുടുംബങ്ങളെയും കൈമാറുന്നതിന് യു.എസിനൊപ്പം കുവൈത്ത് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിനായി അന്താരാഷ്ട്ര സഖ്യ സെക്രട്ടേറിയറ്റും വർക്ക് ടീമും നടത്തിയ ശ്രമങ്ങളെ ശൈഖ് സലിം അഭിനന്ദിച്ചു. യോഗത്തിന് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയെയും അഭിനന്ദിച്ചു. ബുധനാഴ്ച റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റിൽ നടന്ന ജി.സി.സി-യു.എസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ മന്ത്രിതല യോഗത്തിലും ശൈഖ് സലിം രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത യോഗം രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങൾക്ക് ഊന്നൽ നൽകി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

