ദീർഘനാളായി നാട്ടിൽ പോകാനാവാതെ പ്രവാസികളിൽ മടുപ്പ്
text_fieldsകുവൈത്ത് സിറ്റി: ദീർഘനാളായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാതെ പ്രവാസികൾ മടുപ്പിൽ. സ്ഥിരമായി നാട്ടിൽ പോകാറുള്ള കാലപരിധിയും കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക് എന്നാണ് പോകാൻ കഴിയുകയെന്ന് പറയാൻ കഴിയുന്നില്ല. നാട്ടിലേക്ക് പോകാൻ വിമാനമുണ്ടെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാനും കഴിയില്ല.
വിലക്കില്ലാത്ത മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് മാത്രമേ കുവൈത്തിലേക്ക് വരാൻ അനുമതിയുള്ളൂ. ഇവിടെനിന്ന് നാട്ടിലേക്ക് പോയാൽ ഒരാഴ്ച അവിടെയും ക്വാറൻറീനിൽ ഇരിക്കണം. കുറഞ്ഞ അവധി ലഭിക്കുന്നവർക്ക് അവധിക്കാലം ഇങ്ങനെ തീരും.
വർഷത്തിലോ ആറുമാസത്തിലൊരിക്കലോ നാട്ടിൽ പോകാറുള്ളവരിൽ ഒന്നര വർഷവും രണ്ടുവർഷവും ആയിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ പോവുന്നവരും കോവിഡ്കാലത്തിെൻറ കുരുക്കിൽ പെട്ട് കഴിയുന്നുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോകാൻ നിശ്ചയിച്ചവർ വരെ കുടുങ്ങി.
കോവിഡ് ഭീതി വിതച്ച നാളുകളിൽ ത്യാഗം ചെയ്ത് ഇവിടെ നിന്ന് പോയവർ എങ്ങനെയും തിരിച്ചെത്താൻ വഴി തേടുകയാണ്. മാസങ്ങളായി വരുമാനം നിലച്ചതുതന്നെ കാരണം. വലിയ ടിക്കറ്റ് നിരക്കും ട്രാൻസിറ്റ് രാജ്യത്തിലെ ക്വാറൻറീൻ ചെലവുമൊക്കെ ചെറിയ വരുമാനക്കാർക്ക് ഭാരമാണ്. നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാമെന്ന് കരുതി പോയവർക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ചില കമ്പനികൾ വാർഷിക അവധി നിർബന്ധിച്ച് എടുപ്പിക്കുന്നുണ്ട്. എന്നാൽ, അവധി ദിവസങ്ങൾ നീട്ടിനൽകുന്നുമില്ല. അതുകൊണ്ടുതന്നെ അവധിയെടുത്ത് നാട്ടിൽ പോകാതെ ഇവിടെത്തന്നെ കഴിച്ചുകൂട്ടിയവരുമുണ്ട്. ഇതിൽ കുടുംബം നാട്ടിലുള്ളവരുമുണ്ട്. വിമാന സർവിസ് സാധാരണ നിലയിലായാലേ സമാധാനമായി നാട്ടിൽ പോയി വരാൻ കഴിയൂ. ക്വാറൻറീൻ വ്യവസ്ഥകളിലും ഇളവു വരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

