കർശന പരിശോധനകൾ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം മഹ്ബൂല, ഫഹാഹീൽ മേഖലകളിൽ ശക്തമായ പരിശോധനകൾ നടന്നു. രണ്ടിടങ്ങളിൽ നിന്നുമായി 15 പേരെ അറസ്റ്റ് ചെയ്യുകയും 840 ട്രാഫിക് നിയമലംഘനങ്ങളിൽ നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രാഫിക് നിയമ ലംഘകരെ പിടികൂടുക എന്ന ലക്ഷ്യത്തിലാണ് പരിശോധനകൾ നടത്തുന്നതെന്നും മയക്കുമരുന്ന്, മദ്യം എന്നിവ കൈവശം വെക്കുന്നവരെയും താമസം, വർക്ക് പെർമിറ്റ് ലംഘനം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയും പിടികൂടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മോറൽ ഗൈഡൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കൽ, നിയമം കർശനമായി നടപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനകൾ. വരും ദിവസങ്ങളിലും ഇവ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുത്ല, ജലീബ് അൽ ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്ബൂല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 200ലധികം പേരെ പിടികൂടിയിരുന്നു.

