പണപ്പെരുപ്പം 2.5 ശതമാനം കൂടി; ഭക്ഷ്യവസ്തുക്കൾക്ക് വില വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പം ഒരു വർഷത്തിനിടെ 2.5 ശതമാനം വർധിച്ചതായി കണക്ക്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. 2024 ഡിസംബറിലെ വില നിലവാരം തൊട്ടുമുമ്പത്തെ ഡിസംബറുമായി താരതമ്യം ചെയ്താണ് കണക്ക് തയാറാക്കിയത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, വിദ്യാഭ്യാസ ചെലവ് എന്നിവ വർധിച്ചപ്പോൾ ഗതാഗത ചെലവ് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് അഞ്ചുശതമാനവും വസ്ത്രങ്ങൾക്ക് 5.13 ശതമാനവും വില കൂടി. വിദ്യാഭ്യാസ ചെലവ് 0.71 ശതമാനം ചികിത്സ ചെലവ് നാല് ശതമാനവും വർധിച്ചു. ഗതാഗത മേഖലയിൽ 1.47 ശതമാനം പണച്ചുരുക്കമാണുണ്ടായത്. ഹൗസിങ് സർവിസ് (0.9%), ആശയവിനിമയം (0.88 %), വിനോദം, സാംസ്കാരികം (2.64 %), ഹോട്ടൽ, റസ്റ്റാറന്റ് (2.3 %) എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ചെലവ് വർധിച്ചത്.
അതിനിടെ ഉൽപാദന ചെലവ് വർധിച്ചത് വ്യാപാരികളെയും വ്യവസായികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കർശന നിയന്ത്രണമുള്ളതിനാൽ പല സാധനങ്ങളുടെയും വില വർധിപ്പിക്കാൻ കഴിയുന്നില്ല. വിപണിയിലെ മത്സരവും വില വർധിപ്പിക്കുന്നതിന് തടസ്സമാണ്. അതേസമയം, ഉൽപാദനത്തിന്റെയും സ്ഥാപന നടത്തിപ്പിന്റെയും ചെലവ് ഗണ്യമായി കൂടി. ഇത് ലാഭക്ഷമതയെ കാര്യമായി ബാധിച്ചു.
ഭക്ഷ്യ ഉൽപാദകരാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിൽ വിലക്കയറ്റം കാര്യമായി ഉണ്ടായിട്ടില്ല. കുവൈത്ത് വാണിജ്യ മന്ത്രാലയത്തിന്റെ കർശന നിയന്ത്രണവും നിരീക്ഷണവുമാണ് ഇതിന് കാരണം. വില വർധനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യവസായികൾ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

