തൊഴിൽ മന്ത്രി ഇന്ത്യ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് സബീഹ് ഇന്ത്യ സന്ദർശിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങുമായി അവർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള തൊഴിലാളി റിക്രൂട്ട്മെൻറിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നത് സുതാര്യത ഉറപ്പാക്കുമെന്ന് ഹിന്ദ് സബീഹ് പറഞ്ഞു. കുവൈത്തിലെ കമ്പനികൾ ജോലി ഒഴിവ് സംബന്ധിച്ച് വിവരങ്ങൾ വെബിൽ പ്രസിദ്ധീകരിക്കും.
തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. വ്യാജ കമ്പനികളെയും വിസക്കച്ചവടക്കാരെയും ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നും ശരിയായ യോഗ്യതയുള്ളവരെ കൊണ്ടുവരാൻ കമ്പനികൾക്കും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച വൈകുന്നേരമാണ് ഹിന്ദ് സബീഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധിസംഘം ന്യൂഡൽഹിയിലേക്ക് തിരിച്ചത്. തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ അടുത്തയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിടുമെന്ന് ന്യൂഡൽഹിയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീം പറഞ്ഞു.
ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ കുവൈത്ത് സന്ദർശത്തിൽ ഉണ്ടാവുമെന്ന് ഹിന്ദ് സബീഹ് പറഞ്ഞു. എൻജിനീയർമാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം വി.കെ. സിങ് കുവൈത്ത് തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പാക്കുന്നത് കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് ഗുണകരമാണെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് സഹായകമാവുമെന്നും അവർ കൂട്ടിച്ചേർത്തു. റിക്രൂട്ട്മെൻറിൽ സുതാര്യത ഉറപ്പുവരുത്താൻ രണ്ടു രാജ്യങ്ങളുടെയും ജോയൻറ് വർക്കിങ് ഗ്രൂപ്പിെൻറ യോജിച്ചുള്ള പ്രവർത്തനമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
