ഹൃദയങ്ങളിലാകെ ഇന്ത്യയെന്ന വികാരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹവും മാതൃരാജ്യത്തിെൻറ 70ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കാളികളായി. കാതങ്ങൾ അകലെ മറ്റൊരു രാജ്യത്ത് അന്നം തേടിയ എത്തിയ അവരുടെ മനസ്സ് ഇന്ത്യയിലായിരുന്നു. കൊടുംചൂടിൽ വിയർത്തുകുളിച്ചെങ്കിലും അവരുടെ മനോമുകുരങ്ങളിൽ നിറഞ്ഞുനിന്നത് സ്വാതന്ത്ര്യത്തിെൻറ കുളിരായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിെൻറ സ്മരണ പുതുക്കാൻ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തിങ്കളാഴ്ച ഇന്ത്യൻ എംബസി അങ്കണത്തിൽ തടിച്ചുകൂടിയത്. ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ കനത്ത ചൂടിനെ വകവെക്കാതെ വൻ ജനാവലിയാണ് പങ്കെടുത്തത്. രാഷ്ട്രപിതാവിെൻറ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, സ്ഥാനപതി സുനിൽ ജെയിൻ ദേശീയ പതാക ഉയർത്തി. ദേശീയഗാനാലാപനത്തിന് ശേഷം അംബാസഡർ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയച്ച സന്ദേശം വായിച്ചു. വിദേശരാജ്യങ്ങളിലെ നയതത്ര കാര്യാലയങ്ങളിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന ഇന്ത്യൻ പതാക കുവൈത്ത് എംബസിയിലേതാണെന്നുപറഞ്ഞാണ് അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശം തുടങ്ങിയത്. ഇന്ത്യ– കുവൈത്ത് ബന്ധം ചരിത്രപരവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമാണെന്ന് അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കുവൈത്തിെൻറ വികസനത്തിലും ഇന്ത്യ– കുവൈത്ത് ബന്ധം ഈഷ്മളമായി നിലനിർത്തുന്നതിലും ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ അംബാസഡർ പ്രശംസിച്ചു. ഇന്ത്യൻ സമൂഹത്തിെൻറ ആശങ്കകളകറ്റാൻ ഇന്ത്യൻ എംബസി നടത്തുന്ന പരിശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഖറാഫി നാഷനൽ ഉൾപ്പെടെ തൊഴിൽപ്രശനം രൂക്ഷമായ നാലു കമ്പനികളിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശനത്തിൽ സർക്കാറിെൻറ ശക്തമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അടുത്ത മാസം പതിനെട്ടിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ കുവൈത്ത് സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു. യൂത്ത് എക്സ്ചേഞ്ച് പദ്ധതി അനുസരിച്ച് കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കും 15 അംഗ സംഘം സന്ദർശനം നടത്തുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമാകും സന്ദർശനം. ബുർഹാനി ബാൻഡ് അവതരിപ്പിച്ച ബാൻഡ് മേളം, പ്രവാസി കൂടായ്മകളുടെ ദേശഭക്തിഗാനാലാപനം എന്നിവ ആഘോഷച്ചടങ്ങുകൾക്കു മാറ്റുകൂട്ടി. മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികൾ, വ്യാപാരികൾ, ഡോക്ടർമാർ, എൻജിനീയർമാർ, വീട്ടുജോലിക്കാർ, ഇന്ത്യൻ എംബസി ജീവനക്കാർ തുടങ്ങി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ പ്രതിനിധികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ല പ്രവാസി അസോ.
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജപാക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡൻറ് രാജീവ് നടുവിലേമുറി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബാബു പനമ്പള്ളി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി.വി. തോമസ്, അജി കുട്ടപ്പൻ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, സജൻ പള്ളിപ്പാട്, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സാബു എം. പീറ്റർ, സുഭാഷ് ചെറിയനാട് എന്നിവർ സംസാരിച്ചു.
മലർവാടി ബാലസംഘം
ഫർവാനിയ: ഐവ ഫർവാനിയ ഏരിയ മലർവാടി ബാലസംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ചു. നബീല നൗഷാദ് സ്വാതന്ത്ര്യദിന സന്ദേശം നല്കി. ബാലസംഘം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. നവാൽ അഷ്റഫ് ക്വിസ് നടത്തി. ഈമാൻ ഫിറോസ് സ്വാഗതവും സുൽഫ മറിയം നന്ദിയും പറഞ്ഞു. മുബീന ഫിറോസ്, വാഹിദ ഫൈസൽ, സുമയ്യ ശാഫി, നസീഹ, സഹല തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
പായസം നൽകി യാത്ര കുവൈത്ത്
കുവൈത്ത്: മലയാളി ടാക്സി ഡ്രൈവേഴ്സ് സംഘടനയായ യാത്ര കുവൈത്ത് വിവിധ യൂനിറ്റുകളിലായി സ്വതന്ത്ര്യദിനത്തിൽ പായസവിതരണം നടത്തി. അബ്ബാസിയ യൂനിറ്റിൽ രാവിലെ 8.30ന് ബാംബൂസ് റസ്റ്റാറൻറിന് മുന്നിൽ യൂനിറ്റ് ഭരവാഹികളും അംഗങ്ങളും ചേർന്ന് 200ൽപരം പേർക്ക് പായസം നൽകി. വൈകീട്ട് അഞ്ചുമണിക്ക് മെഹ്ബൂല യൂനിറ്റ് ഭാരവാഹികളും, അംഗങ്ങളും മെഹ്ബൂലയിലും, 6.30ന് സാൽമിയ യൂനിറ്റ് ഹോളിബേക്ക് റസ്റ്റാറൻറിനുമുന്നിലും പായസവിതരണം നടത്തി.
ഒ.െഎ.സി.സി
കുവൈത്ത് സിറ്റി: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ദേശീയ പതാക ഉയർത്തി. ഹമീദ് കേളോത്ത്, വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തുറ, അനിൽ കല്ലാർ, ഷംസു താമരക്കുളം, പ്രമീൾ പ്രഭാകർ എന്നിവർ സംസാരിച്ചു.
മനുഷ്യമതിലുയർത്തി വെൽഫെയർ കുവൈത്ത്
ഖൈത്താൻ: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഇന്ത്യയുടെ ഭൂപടത്തിെൻറ മാതൃകയിൽ മനുഷ്യമതിൽ സംഘടിപ്പിച്ചു. മേഖല പ്രസിഡൻറ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കേന്ദ്രപ്രസിഡൻറ് ഖലീലുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വിഡിയോ വഴി സംവദിച്ചു. ഹസനുൽ ബന്ന മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ഷിർസത്, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് അഫ്സറലി, ഹുസൈൻ, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. ലായിക്ക് അഹമദ് മൾട്ടിമീഡിയ ക്വിസ് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി നഷാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ ജയദേവൻ നന്ദിയും പറഞ്ഞു.
ഇസ്ലാഹി സെൻറർ
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ‘സ്വതന്ത്ര ഇന്ത്യ; പ്രതീക്ഷയും ആശങ്കയും’ വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സെമിനാർ സംഘടിപ്പിച്ചു. കേരള ഇംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസിസ്റ്റൻറ് സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സജി നാരായണന്, ഹംസ പയ്യന്നൂര്‍ (കെ.കെ.എം.എ), കൃഷ്ണന് കുടലുണ്ടി (ഒ.ഐ.സി.സി), മുകേഷ് (കല ആര്‍ട്സ്), സക്കീര്‍ ഹുസൈന് തുവ്വൂര്‍ (കെ.ഐ.ജി), ഷരീഫ് താമരശ്ശേരി (െഎ.എം.സി.സി), ഷറഫുദ്ദീന് കണ്ണേത്ത് (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. അഷ്റഫ് മേപ്പയ്യൂര്‍ സ്വാതന്ത്ര്യദിന കവിതയും സ്വാലിഹ് അലി ആലുവ ദേശീയഗാനവും ആലപിച്ചു. അബ്ദുല്‍ ഹമീദ് കൊടുവള്ളി മോഡറേറ്ററായിരുന്നു. വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു.
പായസവിതരണവുമായി കേരള ബ്രദേഴ്സും
കുവൈത്ത് സിറ്റി: മലയാളി ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ കേരള ബ്രദേഴ്സ് ടാക്സി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബു ഹലീഫയിൽ രാവിലെ 10 മുതൽ പായസ വിതരണം നടത്തി. കേരള ബ്രദേഴ്സ് വൈസ് പ്രസിഡൻറ് ജാഫർ നാലകത്ത്, സെക്രട്ടറി ഫൈസൽ വളാഞ്ചേരിക്ക് പായസം കൊടുത്ത് ഉദ്ഘാടനം ചെയ്തു. 150ൽപരം ആളുകൾ പങ്കാളികളായതായി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.