ഇൻഡിഗോ പ്രതിസന്ധി കുവൈത്തിലെ സർവിസുകളെയും ബാധിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇൻഡിഗോ വിമാന പ്രതിസന്ധി കുവൈത്തിലെ സർവിസുകളെയും ബാധിച്ചു. കുവൈത്തിലേക്കും തിരിച്ചുമുള്ള പല സർവിസുകളും കഴിഞ്ഞ ദിവസം വൈകി. വെള്ളി, ശനി ദിവസങ്ങൾ കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വൈകിയത് മലയാളി യാത്രക്കാരെ ബാധിച്ചു. ഞായറാഴ്ച വലിയ സമയവ്യത്യാസമില്ലാതെ സർവിസുകൾ നടന്നു. പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച പാളിച്ചകളാണ് ഇൻഡിഗോയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.വെള്ളിയാഴ്ച ആയിരത്തിലധികം വിമാന സർവിസുകൾ മുടങ്ങിയതിന് പിറകെ ശനിയാഴ്ച 800 സർവിസുകളും ഇൻഡിഗോ റദ്ദാക്കിയിരുന്നു. ഇത് ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകളെയും ബാധിക്കുകയായിരുന്നു. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതൽ സർവിസ് മുടങ്ങിയത്.
അതേസമയം, 95 ശതമാനം സർവിസുകൾ പുനഃസ്ഥാപിച്ചതായി ഇൻഡിഗോ ശനിയാഴ്ച അറിയിച്ചു. 1500ഓളം വിമാനങ്ങൾ 135 വിമാനത്താവളങ്ങളിൽ നിന്നായി പറന്നു തുടങ്ങിയെന്ന് കമ്പനി അറിയിച്ചു. ഈ മാസം 15നകം എല്ലാ സർവിസുകളും സാധാരണ നിലയിലാകുമെന്നും വ്യക്തമാക്കി.അതിനിടെ, ഇൻഡിഗോ യാത്ര തകരാറിലായതോടെ മറ്റു വിമാന കമ്പനികളിലെ ടിക്കറ്റ് നിരക്ക് മൂന്നും നാലും മടങ്ങായാണ് വർധിച്ചത്. ഇത് കുവൈത്തിൽ നിന്നുള്ള യാത്രക്കാരെയും പ്രയാസത്തിലാക്കി. ഇരട്ടി തുക നൽകിയാണ് അടിയന്തരമായി നാട്ടിൽ പോകേണ്ട പലരും യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

