എം.ജെ. അക്ബറിന് മുന്നിൽ പ്രതിഷേധവും സങ്കടവുമായി തൊഴിലാളികൾ
text_fieldsകുവൈത്ത് സിറ്റി: ശമ്പളം ലഭിക്കാതെയും പാസ്പോർട്ട് നഷ്ടപ്പെട്ടും നാട്ടിൽ പോകാൻ കഴിയാതെയും ദുരിതത്തിലായ തൊഴിലാളികൾ സങ്കടവും പ്രതിഷേധവുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെ കാണാൻ ഇന്ത്യൻ എംബസിയിലെത്തി. മലയാളികൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ലേറെ തൊഴിലാളികളാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ എംബസിയിലെത്തിയത്. ഖറാഫി നാഷനൽ, ബയാൻ നാഷനൽ കമ്പനിയുടെ സഹോദര സ്ഥാപനമായ കെ.സി.സി.ഇ.സി എന്നീ കമ്പനികളിലെ തൊഴിലാളികളാണ് ഇവരിൽ ബഹുഭൂരിപക്ഷവും. ഏറെക്കാലമായി എംബസിയെ പ്രയാസങ്ങൾ ബോധിപ്പിച്ചിട്ടും പരിഹാരമുണ്ടാവുന്നില്ലെന്ന പരിഭവമാണ് ഇവർ മന്ത്രിയുമായി പങ്കുവെച്ചത്.
മന്ത്രിയെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ എംബസി അങ്കണത്തിലെത്തി തൊഴിലാളികൾ കുത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ തൊഴിലാളികളെ അനുനയിപ്പിച്ച് ഒാഡിറ്റോറിയത്തിലിരുത്താൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല.രാത്രി 6.45ഒാടെയാണ് എം.ജെ. അക്ബർ എംബസിയിലെത്തിയത്. മന്ത്രി എംബസി വളപ്പിൽ പ്രവേശിച്ച ഉടനെ തൊഴിലാളികൾ ചുറ്റും കൂടി പരാതി പറയാൻ തുടങ്ങി. തൊഴിലാളികളുടെ ആവലാതികളെല്ലാം മന്ത്രി ശ്രദ്ധിച്ചുകേട്ടു. അജണ്ടയിലില്ലെങ്കിലും ബുധനാഴ്ച തുടങ്ങുന്ന ഇന്ത്യ-കുവൈത്ത് മന്ത്രിതല യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് എം.ജെ. അക്ബർ തൊഴിലാളികളോട് പറഞ്ഞു. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. കുവൈത്തികൾ സൗഹൃദമുള്ളവരും ഇന്ത്യക്കാരുമായി മികച്ച ബന്ധമുള്ളവരുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർമാണ മേഖലയിൽ പ്രവൃത്തിക്കുന്ന പ്രമുഖ കമ്പനിയായ ഖറാഫി നാഷനലിൽ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ജോലിക്കാരിൽ അധികവും ഇന്ത്യക്കാരാണ്. തൊഴിലാളി ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അതി ദയനീയമായ സാഹചര്യത്തിലാണ് ഇവർ കഴിയുന്നത്. പലരും ജോലി രാജിവെച്ചിട്ടും നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. കെ.സി.സി.ഇ.സി കമ്പനിയിലേക്ക് ജോലിക്കെത്തിയവരും ശമ്പളവും മതിയായ താമസ സൗകര്യവും ലഭിക്കാതെ പ്രയാസത്തിലാണ്. പലരുടെയും പാസ്പോർട്ട് കമ്പനിയുടെ കൈവശമിരിക്കെ മഴ നനഞ്ഞും മറ്റും കേടുപാടുകൾ പറ്റിയിട്ടുണ്ട്. നാട്ടിലേക്ക് പോകാനും സാധിക്കാതെ ഏറെ ബുദ്ധിമുട്ടിലാണ് ഇവർ.
ഒന്നിനും മറുപടി പറയാതെ മന്ത്രി; കൂടിക്കാഴ്ച പ്രഹസനമായി
കുവൈത്ത് സിറ്റി: മൂന്നാമത് ഇന്ത്യ-കുവൈത്ത് സംയുക്ത മന്ത്രിതല കമീഷൻ യോഗത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിെൻറ ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ച പ്രഹസനമായതായി വ്യാപക ആക്ഷേപം. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പറയാനും ആവശ്യങ്ങൾ അവതരിപ്പിക്കാനും എംബസിയുടെ ക്ഷണപ്രകാരമെത്തിയ സംഘടനാ നേതാക്കളെയും ഇന്ത്യൻ സമൂഹത്തെയും അപമാനിക്കുന്ന സമീപനമാണ് ഉണ്ടായതെന്ന പരാതിയാണ് ഉയരുന്നത്.
ഇന്ത്യൻ സമൂഹവുമായി ചർച്ചയെന്ന പേരിൽ ആളുകളെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാറിെൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറയും അപദാനങ്ങൾ പ്രസംഗത്തിൽ എടുത്തുപറയുകയാണ് മന്ത്രി ചെയ്തത്. വിവിധ ഇന്ത്യൻ സംഘടനകളുടെ ഭാരവാഹികൾ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ മന്ത്രി തയാറായില്ല. ‘ഞാൻ കേൾക്കുന്നുണ്ട്’ എന്ന് ആവർത്തിച്ചു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയില്ല. ഇന്ത്യൻ നഴ്സുമാരുടെ പ്രശ്നങ്ങൾ, ശമ്പളവും താമസ സൗകര്യങ്ങളുമില്ലാതെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, പൊതുമാപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയെ കുറിച്ചെല്ലാം മാധ്യമപ്രവർത്തകർ അന്വേഷിച്ചെങ്കിലും മന്ത്രി പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
