ഇന്ത്യൻ വേലക്കാരികളുടെ റിക്രൂട്ട്മെൻറ് പെരുന്നാളിനു ശേഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള സ്ത്രീ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് പെരുന്നാളിനുശേഷം പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സർക്കാർ ചുമതലപ്പെടുത്തിയ അർദുർറ റിക്രൂട്ടിങ് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച കരാറിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അടുത്ത ആഴ്ച ഒപ്പുവെച്ചേക്കും. ഇന്ത്യയിലെ ആറ് അംഗീകൃത ഏജൻസികൾ വഴിയായിരിക്കും റിക്രൂട്ടിങ് നടപടികൾ മുന്നോട്ടുപോകുകയെന്നും അധികൃതർ വ്യക്തമാക്കി.
ഇരു വിദേശകാര്യ മന്ത്രാലയങ്ങളും കരാറിൽ ഒപ്പുവെക്കുന്നതോടെയാണ് ആവശ്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂ. അതിനിടെ, വിയറ്റ്നാമിൽനിന്ന് ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ആ രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് ഏജൻസികളുമായി ബന്ധപ്പെട്ടുവരുകയാണ്. വിയറ്റ്നാമിൽനിന്ന് സ്ത്രീ-പുരുഷ തൊഴിലാളികളെയാണ് എത്തിക്കുക. അതേസമയം, ഈ വിഷയത്തിൽ അന്തിമകരാർ ഇതുവരെ രൂപപ്പെടുത്താനായിട്ടില്ല.
ജോലിക്കാരെ മാനസിക പരിശോധനക്ക് വിധേയമാക്കണമെന്ന കുവൈത്തിെൻറ നിബന്ധനയിൽ ഉടക്കി ഇത്യോപ്യൻ വേലക്കാരികളുടെ റിക്രൂട്ടുമെൻറ് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിബന്ധനക്ക് വിധേയമായി തങ്ങളുടെ രാജ്യക്കാരെ കുവൈത്തിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാട് ഇത്യോപ്യ വീണ്ടും ആവർത്തിച്ചതായാണ് റിപ്പോർട്ട്. ഇത്യോപ്യക്കാരികളുടെ ഭാഗത്തുനിന്ന് വീട്ടുടമകൾക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ആ രാജ്യത്തുനിന്നുള്ള റിക്രൂട്ടുമെൻറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
