പെൺവേഷം ധരിച്ച് ആഘോഷം; ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കുവൈത്ത് സിറ്റി: മുത്ലയിലെ ക്യാമ്പിൽ പെൺവേഷം ധരിച്ച് അനുചിതമായ രീതിയിൽ ആഘോഷം സംഘടിപ്പിച്ച ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. പൊതു സദാചാര ലംഘനത്തെ തുടർന്നാണ് നടപടി. പെൺവേഷം ധരിച്ച ഒരാൾക്കുചുറ്റും മറ്റുള്ളവർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, സൈബർ ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടപടി.
അന്വേഷണത്തിൽ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ട് കണ്ടെത്തി. അക്കൗണ്ട് ഉടമയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ അക്കൗണ്ട് തന്റേതാണെന്നും വീഡിയോയിലുള്ളവർ ക്ലിപ്പ് ചിത്രീകരിക്കുമ്പോൾ കൂടെയുണ്ടായിരുന്നുവെന്നും സമ്മതിച്ചു. തുടർന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
മുത്ലയിലെ ക്യാമ്പിൽ നിരവധി ഇന്ത്യക്കാർ ഒത്തുകൂടിയുള്ള ആഘോഷമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. പെൺവേഷം ധരിച്ച് സ്ത്രീകളെ അനുകരിക്കുന്നത് ഉൾപ്പെടെയുള്ള അനുചിത രീതികളും പെരുമാറ്റങ്ങളും വീഡിയോയിലുണ്ടായിരുന്നു. ഇത് സാമൂഹിക മൂല്യങ്ങൾക്ക് എതിരും രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു ധാർമികത ലംഘിക്കുന്ന പെരുമാറ്റങ്ങളോ രീതികളോ കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

