കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപൺ ഹൗസ് ജനുവരി 20 ബുധനാഴ്ച വൈകീട്ട് 3.30ന് നടത്തും. ഒാൺലൈൻ ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്. താൽപര്യമുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വഴി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് മീറ്റിങ് െഎഡിയും മറ്റു വിവരങ്ങളും മെയിൽ വഴി അറിയിക്കും.
എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഒാൺലൈനായി പുനരാരംഭിക്കുകയായിരുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഒാപൺ ഹൗസ് ആരംഭിച്ചത്. ചോദ്യങ്ങളും നിർദേശങ്ങളും മെയിൽ വഴി മുൻകൂട്ടി അയക്കാമെന്നും എംബസി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.