നിങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്, പരിഹരിക്കാൻ ശ്രമിക്കും - കുവൈത്ത് ഇന്ത്യൻ അംബാസഡർ
text_fieldsകുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപൺ ഹൗസ് യോഗത്തിൽ അംബാസഡർ പരാതികൾ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സാധ്യമാവും വിധം പരിഹരിക്കാൻ ശ്രമിക്കുമെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞു. ഇന്ത്യൻ എംബസിയിൽ ആരംഭിച്ച ആദ്യ ഒാപ്പൺ ഹൗസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെത്തിയ ശേഷം 1300ലധികം മെയിലുകൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച് തനിക്ക് ലഭിച്ചു. പൊതുമാപ്പ് കാലത്ത് ഒൗട്ട് പാസ് ലഭിച്ച് നാട്ടിൽ പോവാൻ കഴിയാത്തവരുടെയും വിമാന സർവീസ് ഇല്ലാത്തതിനാൽ കുവൈത്തിൽനിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന് കുവൈത്തിലേക്കും വരാൻ കഴിയാത്തവരുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും തൊഴിൽ ചൂഷണത്തിനിരയായവരുടെയും പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
എൻജിനീയർമാരുടെയും മെഡിക്കൽ പ്രഫഷനലുകളുടെയും പ്രശ്നങ്ങൾ അറിയാം. ഇന്ത്യൻ ഭരണകൂടത്തിെൻറയും ഇന്ത്യൻ പൗരന്മാരുടെയും പ്രതിനിധിയായി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി സേവനം ചെയ്യാനാണ് താൻ നിയോഗിക്കപ്പെട്ടത്. ഇന്ത്യൻ സമൂഹത്തിെൻറയും കുവൈത്ത് ഭരണകൂടത്തിെൻറയും പിന്തുണയോടെ ഏറ്റവും നല്ല രീതിയിൽ അത് നിർവഹിക്കാൻ ശ്രമിക്കും. എന്ത് പ്രശ്നവും എംബസിയെ അറിയിക്കാം. ഇന്ത്യൻ എംബസിയിലും പാസ്പോർട്ട് ഒാഫിസിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. മെയിലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. ഒരു വിധ വിവേചനവും ആരോടും ഉണ്ടാവില്ല. അഴിമതിയും ചൂഷണവും പക്ഷപാതിത്വവും വെച്ചുപൊറുപ്പിക്കില്ല. എല്ലാ ബുധനാഴ്ചയും എംബസിയിൽ ഒാപൺ ഹൗസ് യോഗം നടത്തും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത് യോഗത്തിൽ സംബന്ധിച്ച് വ്യക്തിപരവും പൊതുവായതുമായ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. ഇൗ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും സംസ്കാരത്തെ മാനിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് നമ്മൾ. നല്ല രീതിയിലുള്ള സഹകരണമാണ് കുവൈത്ത് അധികൃതരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന് രാജ്യത്തോടും ഇവിടുത്തെ ഭരണകൂടത്തോടും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടും നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതായിരുന്നു പുതിയ അംബാസഡറുടെ ആദ്യ പൊതുജന സമ്പർക്ക പരിപാടി. പ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങളിൽ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. എംബസിയും ഇന്ത്യൻ സമൂഹവും തമ്മിൽ ബന്ധം കൂടുതൽ ഉൗഷ്മളമാക്കുന്ന വിവിധ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

