ഇന്ത്യൻ അംബാസഡർ കുന മേധാവിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് ന്യൂസ് ഏജൻസി ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് ന്യൂസ് ഏജൻസി (കുന) ആക്ടിംഗ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായിയുമായി കൂടിക്കാഴ്ച നടത്തി. കുന ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ജനങ്ങൾക്കിടയിൽ ആശയവിനിമയവും പരസ്പരധാരണയും വളർത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കിനെ അൽ മന്നായി എടുത്തുപറഞ്ഞു. ഇന്ത്യൻ സ്ഥാപനങ്ങളുമായും വാർത്താ ഏജൻസികളുമായും മാധ്യമ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള കുനയുടെ പ്രതിബദ്ധതയും സൂചിപ്പിച്ചു.
കുവൈത്ത്-ഇന്ത്യ ബന്ധങ്ങളുടെ ദീർഘകാല ചരിത്രവും മുഹമ്മദ് അൽ മന്നായി എടുത്തുപറഞ്ഞു. വിവിധ മേഖലകളിലെ ഈ ബന്ധങ്ങളുടെ വളർച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും വെളിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കുള്ള പ്രാധാന്യവും ഉണർത്തി.
വാർത്താവിതരണത്തിലും മാധ്യമ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലും കുന വഹിക്കുന്ന പങ്കിനെ ഇന്ത്യൻ അംബാസഡർ അഭിനന്ദിക്കുകയും, കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ എടുത്തുപറയുകയും ചെയ്തു. കുന എഡിറ്റോറിയൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ്സം അൽ ഘാനിം, ആക്ടിംഗ് എഡിറ്റർ ഇൻ ചീഫ് ബദർ അൽ ഷർഹാൻ, ഡയറക്ടർ ജനറലിന്റെ ഓഫീസിലെ ഡയറക്ടർ ലാമിയ അൽ ഫാർസി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

