കുറഞ്ഞ ചെലവിൽ ഇന്ത്യ കണ്ടുവരാം; കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വിസ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വിസ പദ്ധതി ആരംഭിച്ചു. ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ് (യോഗയുമായി ബന്ധപ്പെട്ട യാത്ര ഉൾപ്പെടെ), കോൺഫറൻസ് എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളെയാണ് ഇ-വിസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 13 മുതൽ വിസ നിലവിൽ വന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ടൂറിസ്റ്റ് ഇ-വിസക്ക് അഞ്ച് വർഷം വരെ സാധുതയുണ്ട്. ബിസിനസ് വിസകൾ ഒരു വർഷം വരെ ലഭ്യമാണ്.
മെഡിക്കൽ, മെഡിക്കൽ അറ്റൻഡന്റ്, കോൺഫറൻസ് വിസകൾ നിർദിഷ്ട കാലയളവുകളിലേക്ക് അനുവദിക്കും. വിസക്ക് ആവശ്യമായ മുഴുവൻ പ്രക്രിയയും ഓൺലൈനാണ് നടക്കുക. വിസ ആവശ്യമുള്ളവർക്ക് വീട്ടിൽനിന്ന് രേഖകൾ അപ്ലോഡ് ചെയ്യാനും ഫീസ് അടക്കാനും അപേക്ഷ പൂരിപ്പിക്കാനും കഴിയും. ഇന്ത്യൻ വിമാനത്താവളത്തിൽ എത്തുമ്പോൾ ബയോമെട്രിക്സ് പരിശോധന നടത്തും. അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസക്ക് 80 ഡോളർ ആണ് ഫീസ്. കുറഞ്ഞ കാലയളവുള്ള വിസകൾ 40 ഡോളർ മുതൽ ലഭ്യമാണ്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയോ ഓൺലൈൻ ഗേറ്റ്വേകൾ വഴിയോ പണമടക്കാം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ഉണ്ട്. ഇ-വിസ ഉടമകൾക്ക് 32 നിയുക്ത വിമാനത്താവളങ്ങളിലൂടെയും അഞ്ച് തുറമുഖങ്ങളിലൂടെയും ഇന്ത്യയിലേക്ക് പ്രവേശിക്കാം.
കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽനിന്ന് റെഗുലർ/പേപ്പർ വിസ നേടുന്നതിനുള്ള പരമ്പരാഗത രീതി തുടർന്നും ലഭ്യമാകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യ സന്ദർശിക്കുന്ന കുവൈത്ത് വിനോദസഞ്ചാരികളുടെ എണ്ണവും അടുത്തിടെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കുവൈത്ത് പൗരന്മാർക്ക് ഏകദേശം 9000 ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

