നയതന്ത്ര ബന്ധത്തിന്റെ 65ാം വാർഷികം; ഇന്ത്യ-കുവൈത്ത് ബന്ധം ശക്തമാക്കും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 65ാം വാർഷികം ആഘോഷിച്ച് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി. ഇരുരാജ്യങ്ങളും തമിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് ഇതെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷെമാലി പറഞ്ഞു.
ദീർഘകാലമായുള്ള ഈ ബന്ധങ്ങളുടെ ഫലമായി, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ്ജം, തൊഴിൽ, സിവിൽ ഏവിയേഷൻ, കായികം, ആരോഗ്യം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന ഏകദേശം 40 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു.
സാമ്പത്തിക, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ലക്ഷ്യമിട്ടുള്ള കൂടുതൽ ധാരണാപത്രങ്ങൾ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. ഇവ ഉടൻ അന്തിമരൂപത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ അസംസ്കൃത എണ്ണ വിതരണക്കാരിൽ ആറാമത്തെ വലിയ രാജ്യവും, ദ്രവീകൃത പെട്രോളിയം ഗ്യാസ് കയറ്റുമതിക്കാരിൽ നാലാമത്തെ വലിയ രാജ്യവുമാണ് കുവൈത്ത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ ഏകദേശം അഞ്ച് ശതമാനവും കുവൈത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും ചൂണ്ടികാട്ടി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് വിവിധ രംഗത്തുള്ളവരെ അംബാസഡർ ആദരിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി, കുവൈത്തിലെ 'സാദു ഹൗസ്', ഇന്ത്യൻ കമ്പനിയായ 'കാശ്മീർ ലൂം' സഹകരണത്തിൽ മൂന്ന് ദിവസത്തെ സാംസ്കാരിക പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, കരകൗശല ബന്ധങ്ങളെ എടുത്തുകാണിക്കുന്നതാണ് ഈ പ്രദർശനം.
തന്ത്രപരമായ പങ്കാളിത്തം വീണ്ടും ഉറപ്പിക്കാനുള്ള ഒരു അവസരമാണ് ഈ വാർഷികമെന്ന് ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) അംബാസഡറും കുവൈത്തിലെ മുൻ ഇന്ത്യൻ അംബാസഡറുമായ സിബി ജോർജ് അഭിപ്രായപ്പെട്ടു.

