ചികിത്സാ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിൽ -ഡോ. നരേഷ് ട്രെഹാൻ
text_fieldsഡോ. നരേഷ് ട്രെഹാന്‍ കെ.എം.എ-ഐ.ഡി.എഫ് ഒറേഷൻ അവാർഡ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് സമ്മാനിക്കുന്നു. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് സമീപം
കുവൈത്ത് സിറ്റി: ഇന്ത്യയിൽ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ എല്ലാ വൈദ്യചികിത്സയും ലഭ്യമാണെന്നും ചികിത്സാകാര്യത്തിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയതായും പ്രശസ്ത ഇന്ത്യൻ ഡോക്ടർ നരേഷ് ട്രെഹാൻ. 80ലധികം രാജ്യങ്ങളിൽ നിന്നുള്ള രോഗികൾ ചികിത്സക്കായി ഇന്ത്യ സന്ദർശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
36ലധികം രാജ്യങ്ങൾ അവരുടെ ഡോക്ടർമാരെ ഇന്ത്യയിലേക്ക് അയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും (ഐ.ഡി.എഫ്) കുവൈത്ത് മെഡിക്കൽ അസോസിയേഷനും (കെ.എം.എ) സംയുക്തമായി നടത്തിയ എട്ടാമത് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഡിയോ വാസ്കുലാര്‍, കാര്‍ഡിയോതൊറാസിക് ശസ്ത്രക്രിയ എന്നിവയില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ഇന്ത്യയിലെ മികച്ച ഡോക്ടർമാരിൽ ഒരാളാണ് ഡോ. നരേഷ് ട്രെഹാന്‍. പത്മശ്രീ, പത്മഭൂഷണ്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലെ മെഡിക്കൽ സർവിസസ് ചീഫ് ശൈഖ് അബ്ദുല്ല മെഷാൽ മുബാറക് അൽ സബാഹ് വിശിഷ്ടാതിഥിയായി. മെഡിക്കൽ സയൻസ് മേഖലയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള വലിയ സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുവൈത്ത് മെഡിക്കൽ അസോസിയേഷനെ പ്രതിനിധാനംചെയ്ത് കെ.എം.എ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ തോവാല ഡോ. നരേഷ് ട്രെഹാന്‍ മെമന്റോ സമ്മാനിച്ചു.
കെ.എം.എ-ഐ.ഡി.എഫ് ഒറേഷൻ അവാർഡ് ഡോ. നരേഷ് ട്രെഹാന്‍ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സമ്മാനിച്ചു. ഷെയ്ഖ് അബ്ദുല്ല മെഷാൽ മുബാറക് അൽ സബാഹ് ഷാൾ അണിയിച്ചു. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന, ആരോഗ്യ മന്ത്രാലയത്തിലെയും കുവൈത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

