ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ അധികാരമേറ്റു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ അധ്യാപകർക്കും സ്കൂൾ ഭാരവാഹികൾക്കുമൊപ്പം
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ അധികാരമേറ്റു. ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ കെ. സലീമിനെ ആദരിച്ചു. ഒമ്പതു വർഷമായി സ്കൂളിൽ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ് സലീം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമർപ്പണ മനോഭാവത്തിലൂടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും, ദൗർബല്യങ്ങൾ ശക്തിയായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സ്കൂളിന്റെ പാരമ്പര്യവും പൈതൃകവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന് വിദ്യാർഥി പ്രതിനിധികൾ പ്രതിജ്ഞ ചെയ്തു. വിദ്യാർഥി പ്രതിനിധികളുടെ രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു. പ്രിൻസിപ്പൽ ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ സലീം, സി.സി.എ കോഓഡിനേറ്റർ ഫിറോസ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ നേതൃത്വം നൽകി.

