നിക്ഷേപ സാധ്യതകൾ തേടി ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ തേടുകയാണെന്നും, ഇതുസംബന്ധിച്ചുള്ള ചർച്ചകൾ മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി.'ഇന്ത്യ-കുവൈത്ത് മീഡിയ കണക്റ്റ്' സംരംഭത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.
നിക്ഷേപ സഹകരണം എന്നത് തുടർച്ചയായി നടക്കുന്ന ഒരു പ്രക്രിയയാണ്. കുവൈത്ത് ധനമന്ത്രി ഡോ.യാക്കൂബ് അൽ സയ്യിദ് യൂസഫ് അൽ രിഫായിയുമായുള്ള കൂടിക്കാഴ്ചയും, ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന നിക്ഷേപ സഹകരണത്തിനായുള്ള ഇന്ത്യ-കുവൈത്ത് സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ യോഗവും ഉൾപ്പെടെയുള്ള സമീപകാല ചർച്ചകൾ അംബാസഡർ ചൂണ്ടികാട്ടി.
നിക്ഷേപ അവസരങ്ങൾ, നിലവിലെ പ്രാദേശിക സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവ ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ആഗോള, പ്രാദേശിക വെല്ലുവിളികളെ ഇന്ത്യ എങ്ങനെ നേരിടുന്നു എന്ന് മനസ്സിലാക്കുന്നതിൽ കുവൈത്ത് ധനമന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും അംബാസഡർ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലൂടെയും കുവൈത്തിന്റെ സോവറിൻ വെൽത്ത് ഫണ്ട് വഴിയും നിക്ഷേപങ്ങൾ ഇതിനകം നടന്നുവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അംബാസഡർ, ഇതുവരെ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക്സ് മേഖലകൾ നിക്ഷേപത്തിന് അനുയോജ്യമായ ഇടങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഭക്ഷ്യസംസ്കരണ മേഖലയിൽ വലിയ താൽപ്പര്യമുണ്ടെന്നും സൂചിപ്പിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇരുരാജ്യങ്ങളും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു.

