ഓർമയിലെ ആഘോഷ മധുരങ്ങൾ...
text_fieldsസ്വാതന്ത്ര്യദിന സുപ്രഭാതം എന്നും പുതുമ നിറഞ്ഞതാണ്. വളരെ നേരേത്ത എഴുന്നേറ്റ് കുളിച്ച് യൂനിഫോം ധരിച്ച് അത്യുത്സാഹത്തോടെ സ്കൂളിൽ പോകുന്ന ഉള്ളുനിറക്കുന്ന ഓർമകളിൽ നിന്നു തുടങ്ങുന്നു ആ ദിവസം തരുന്ന സന്തോഷം.
ദേശീയ പതാകയുടെ ചെറിയ പതിപ്പുള്ള ബാഡ്ജ് യൂനിഫോമിൽ കുത്തി അഭിമാനത്തോടെയാകും നടത്തം. സ്കൂളിലേക്കുള്ള നടപ്പിൽ ചുറ്റും കൗതുക കാഴ്ചകൾ കണ്ടു തുടങ്ങും. പുതുവസ്ത്രവും കേരള സാരിയുമൊക്കെ അണിഞ്ഞു ഓഫിസുകളിലേക്കും മാറ്റും പോകുന്ന യുവതികൾ, വെളുത്ത കുപ്പായങ്ങളിൽ ധിറുതിയിൽ നടന്നുപോകുന്ന പുരുഷന്മാർ. ചെറിയ പതാകകളുമായി കുട്ടികൾ.
വഴികളിൽ പലയിടത്തും മൂവർണത്തിലുള്ള തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും. വൈദ്യുതി കാലുകളിൽ ദേശീയ പതാകകൾ പാറിക്കളിക്കുന്നുണ്ടാകും. നാൽക്കവലയിൽ പ്രാദേശിക ക്ലബുകളുടെ വക ആഘോഷങ്ങൾ നടക്കുന്നുണ്ടാകും. പാർട്ടി ഓഫിസുകൾക്കും ക്ലബുകൾക്കും മുന്നിൽ പതാക ഉയർത്താനായി സ്ഥാപിച്ച കൊടിമരം തല ഉയർത്തി നിൽപ്പുണ്ടാകും. എല്ലാറ്റിനും അകമ്പടിയായി ദേശഭക്തിഗാനങ്ങൾ സ്പീക്കറിലൂടെ ഒഴുകുന്നുമുണ്ടാകും.
ബസുകളിലും മറ്റു വാഹങ്ങളിലും ദേശീയ പതാക പാറിക്കളിക്കളിക്കുന്നത് കാണാൻ നല്ല രസമാണ്. എവിടെ നോക്കിയാലും പുതുമയും വർണാഭമായുമുള്ള അനുഭൂതി. സ്കൂളിലെ അസംബ്ലിയും ദേശീയ ഗാനവും അതിനു ശേഷമുള്ള ത്രിവർണ പതാകയിൽനിന്ന് ചിതറി വീഴുന്ന പുഷ്പങ്ങളും ഒടുവിലെ മിഠായി വിതരണവും ഓർമകൾക്കും ത്രിവർണ നിറം ചാർത്തുന്നു.
തിരിച്ചുപോകുന്ന വഴി ക്ലബുകൾക്കും പാർട്ടി ഓഫിസുകൾക്കും മുന്നിലെത്തിയാൽ നടത്തം മെല്ലെയാക്കും. ഒന്ന് പമ്മി നിൽക്കും. മിഠായിയോ ലഡുവോ കിട്ടുമോ എന്നായിരിക്കും ചിന്ത. കിട്ടാവുന്ന മിഠായി ഒക്കെ ശേഖരിച്ചാകും വീട്ടിലെത്തുക. ഇപ്പോഴും ആ കുട്ടിക്കാലം ഹൃദയം നിറക്കുന്ന ഒന്നാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം എട്ടു പതിറ്റാണ്ടിലേക്ക് അടുക്കവേ സ്വാതന്ത്ര്യത്തിന്റെ യഥാർഥ സാക്ഷാത്കാരം സാധ്യമായോ എന്ന ചിന്തയും അനിവാര്യമാണ്. ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യവും വിഭവങ്ങളുടെയും അവസരങ്ങളുടെയും തുല്യ വിതരണവും ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. അസമത്വങ്ങൾ പരിഹരിക്കുന്നതിനും ജനാധിപത്യ അവകാശങ്ങളും അവസരങ്ങളും എല്ലാ പൗരന്മാർക്കും ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും നിരന്തര ശ്രമങ്ങൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

