പായസം മണക്കുന്ന ഓർമകൾ...
text_fieldsഷാജു ഹനീഫ്
മ്മാ... ക്ക്.. രണ്ട് ഉറുപ്യ വേണം... രണ്ട് തേങ്ങേം. ആഗസ്റ്റ് പൈനഞ്ച്നു ഉസ്കൂളിൽ പായസം ണ്ടാക്കാനാണ്...ഓർമകളിലെ സ്വാതന്ത്ര്യ ദിനത്തിന് ഏഴുമങ്ങാട് സ്കൂളിലെ കഞ്ഞിപ്പുരയിൽ നിന്നും ഉയർന്നുവന്നിരുന്ന പായസത്തിന്റെ മണവും രുചിയുമായിരുന്നു. കഞ്ഞി തന്നെ കുട്ടികൾക്ക് കഷ്ടിച്ച് കൊടുത്തിരുന്ന കാലത്ത്, ടീച്ചർമാരും കുട്ടികളും ചേർന്ന് ഉൽപന്ന പിരിവ് (തേങ്ങയും ശർക്കരയും എല്ലാം സംഘടിപ്പിക്കുന്ന ഏർപ്പാട്) നടത്തിയാണ് പായസ വിതരണം ചെയ്തിരുന്നത്. മുളവടിയിലോ ചൂരലിലോ വർണക്കടലാസ് ചേർത്ത് ഉണ്ടാക്കുന്ന പതാക കൈയിൽ പിടിച്ചു കൊണ്ടുള്ള ഘോഷയാത്രക്കു വേണ്ടി കാത്തിരിക്കുമായിരുന്നു അന്നൊക്കെ.
പൊതുവെ മിതഭാഷിയായിരുന്ന വേണു മാഷ് അന്നേ ദിവസം അസംബ്ലിയിൽ കത്തിക്കയറുന്നത് കാണാം. സാധാരണഗതിയിൽ ഞങ്ങൾ കുട്ടികൾക്ക് അത്രഗ്രാഹ്യമാകുന്ന രീതിയിലല്ല മാഷിന്റെ പ്രസംഗം. എന്നാലും കുറെ നാട്ട് രാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാൻ സർദാർ വല്ലഭായി പട്ടേൽ നേതൃത്വം കൊടുത്തു എന്നൊക്കെ മാഷ് പറഞ്ഞപ്പോ സയൻസിൽ പഠിച്ച 'ലായകവും ലായനിയും'ആയിരുന്നു മനസ്സിൽ. അത് പോലെ വല്ലഭായി പട്ടേൽ എന്ന 'ഭീമാകാരനായ ഉരുക്കു മനുഷ്യനും'.
ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് വീട്ടിൽ വി.സി.ആറും ടി.വിയും എത്തുന്നതും ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമയുടെ കാസറ്റ് കിട്ടുന്നതും. പിന്നീടുള്ള കാലം ഷോലെ സിനിമ ഓടിയ മിനർവ തിയറ്റർ പോലെയായി വീട്. രാവിലേം വൈകീട്ടും 1921 തന്നെ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും (ടി.ജി. രവി) മമ്മൂട്ടിയുടെ കാദറും ഞങ്ങടെ ദേശീയ ഹീറോകളായി. പൂക്കോട്ടൂരും വള്ളുവമ്പ്രവും ഒക്കെ സ്വന്തം 'രാജ്യ'മായി.
കാലം പിന്നെയും മുന്നോട്ട് പോയി. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ലാരി കൊളിൻസും ഡൊമിനിക്ക് ലാപ്പിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ'ഈ പ്രീ ഡിഗ്രിക്കാരന്റെ കൈയിൽ കിട്ടുന്നത്. അറിയപ്പെടാത്ത കഥകൾ പലതും അവിടെ നിന്ന് വായിച്ചറിഞ്ഞു.
'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം'എന്ന കവി വാക്യം എന്നത്തേക്കാൾ പ്രസക്തമായ ഒരു കാലഘട്ടത്തിലാണ് രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. ദേശസ്നേഹം എന്ന വികാരത്തിനപ്പുറം കപടദേശീയത എന്ന വികലകാഴ്ചപ്പാട് ഉയർന്നു വരുന്നു. ദേശീയത ഒരു മർദനോപകരണം പോലുമാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവർ, സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും പുറം തള്ളപ്പെടുമ്പോൾ അന്നത്തെ 'ഒറ്റുകാർ'മഹത്വ വത്കരിക്കപ്പെടുന്നു. മാപ്പെഴുതി കൊടുത്തവർ മഹാൻമാരാകുന്നു. ഈയവസരത്തിൽ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവരെ കൂടി ഓർമിക്കുക എന്നതാവട്ടെ നമ്മുടെ ദൗത്യം. മറവികൾക്കെതിരെ ഓർമകൾ കൊണ്ട് സമരം ചെയ്യുക എന്നതാവട്ടെ നമ്മുടെ കർത്തവ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

