വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഏഴു മാസത്തിനിടെ വിദേശികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികള്‍ ഉൾപ്പെടെ പ്രവാസി തൊഴിലാളികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷത്തിലേറെ പ്രവാസികളാണ് രാജ്യത്ത് വർധിച്ചത്. ഇതില്‍ ഭൂരിപക്ഷവും വീട്ടുജോലിക്കാരാണ്. 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ സ്വകാര്യ മേഖലയില്‍ 39,000 പ്രവാസികളാണ് ജോലിയില്‍ പ്രവേശിച്ചത്.
കുവൈത്തിലെ മൊത്തം വിദേശി സമൂഹത്തിന്റെ 30 ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിറകിൽ എണ്ണത്തിൽ ഈജിപ്തുകാരാണ്. കുവൈത്തികൾ, ഫിലിപ്പീനികൾ, ബംഗ്ലാദേശികൾ എന്നിങ്ങനെയാണ് മറ്റു തൊഴിലാളികളുടെ പട്ടിക. അതേസമയം, സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. നിലവില്‍ നാലരലക്ഷം കുവൈത്തികൾ സര്‍ക്കാര്‍-പൊതു മേഖലയില്‍ ജോലി ചെയ്യുന്നു.
കോവിഡ് തടസ്സങ്ങൾ അവസാനിക്കുകയും വിപണിയും തൊഴിലവസരവും ഉയർന്നതും ഈ വർഷം പ്രവാസികളുടെ എണ്ണത്തിൽ വർധനക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 മാർച്ച് വരെ 1.02 ദശലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ പ്രവാസികളായുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കണക്കനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

