പലായനം ചെയ്തവരിലും പരിക്കേറ്റവരിലും വർധന;ഗസ്സയിലേക്ക് ഇനിയും വേണം സഹായം
text_fieldsടെന്റുകൾക്കരികിൽ ഭക്ഷണം പാകം ചെയ്യുന്നയാൾ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് ഇനിയും സഹായങ്ങൾ അനിവാര്യം. ആക്രമണം തുടരുന്നതിനാൽ ഗസ്സയിൽ പലായനം ചെയ്തവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനയുണ്ടായതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പ്രസിഡന്റ് ഡോ. ഹിലാൽ അൽ സയർ പറഞ്ഞു.
സൊസൈറ്റിയുടെ വെബ്സൈറ്റിലൂടെയും ശുവൈഖ് ഏരിയയിലെ ആസ്ഥാനത്തും സംഭാവനകൾ സ്വീകരിക്കുന്നത് തുടരുന്നതായും അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ കെ.ആർ.സി.എസ് സഹായം നൽകിവരുന്നു. പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി സഹകരിച്ച് ഭക്ഷണം, മെഡിക്കൽ വസ്തുക്കൾ, ആംബുലൻസുകൾ എന്നിവ വിതരണം ചെയ്യുന്നു. ഫലസ്തീനുള്ള മാനുഷിക പ്രവർത്തനങ്ങളെ കുവൈത്ത് തുടർന്നും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ ഗസ്സയിലെ ജനങ്ങൾക്ക് മെഡിക്കൽ സാമഗ്രികളും ഭക്ഷണസാധനങ്ങളും നൽകുന്നതിനായി ദുരിതാശ്വാസ എയർ ബ്രിഡ്ജ് ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. അമ്പതോളം വിമാനങ്ങളിലായി ടൺ കണക്കിന് സഹായവസ്തുക്കൾ കുവൈത്ത് ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷണവസ്തുക്കൾ, മരുന്ന്, ടെന്റുകൾ, പുതപ്പ്, ചൂട് പകരുന്ന വസ്തുക്കൾ, ആംബുലൻസുകൾ, മൊബൈൽ ക്ലിനിക്ക്, മണ്ണുമാന്തി യന്ത്രം തുടങ്ങിയവ കുവൈത്ത് ഗസ്സയിലെത്തിച്ചു. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം, റഫ അതിർത്തി എന്നിവ വഴിയാണ് സഹായങ്ങൾ ഗസ്സയിലെത്തിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

