അനാശാസ്യം; 16 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനം നടത്തിയതിന് 16 ഏഷ്യൻ, യൂറോപ്യൻ പ്രവാസികൾ അറസ്റ്റിലായി. പൊതു ധാർമിക സംരക്ഷണ വകുപ്പാണ് നടപടി സ്വീകരിച്ചത്. ഇവർ പണം ഈടാക്കി പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു. രാജ്യത്ത് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായും പൊതു ധാർമികത ഉറപ്പാക്കാനും സുരക്ഷസേന നിരീക്ഷണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത്തരം ഇടപാടുകൾ നടത്തുന്ന സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിലും നിരീക്ഷണം ശക്തമാണ്. പൊതു സദാചാര സംരക്ഷണ വകുപ്പ് അടുത്തിടെ നടത്തിയ ഓപറേഷനിൽ രണ്ട് വ്യക്തികൾ അറസ്റ്റിലായിരുന്നു. അവരിലൊരാൾ ഒന്നിലധികം വെബ്സൈറ്റുകൾ അധാർമിക പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്നതായി കണ്ടെത്തുകയുമുണ്ടായി. ആളുകളെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന കാമറയും ഇയാളുടെ കൈവശം കണ്ടെത്തി. മോശം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരും മഹ്ബൂലയിൽ പിടിയിലാവുകയും ഉണ്ടായി.
മറ്റൊരു അന്വേഷണത്തിൽ അധാർമിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു യൂറോപ്യൻ സ്ത്രീ നടത്തുന്ന അക്കൗണ്ട് കണ്ടെത്തിയിരുന്നു. അവരെ പിടികൂടുകയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

