രണ്ടു ദിവസത്തിനിടെ 38,000 പേർ കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: ഒമ്പത് ദിവസത്തെ പെരുന്നാൾ അവധി അവസാനിച്ച് സർക്കാർ ഓഫിസുകൾ വീണ്ടും സജീമായി.
വെള്ളി, ശനി ദിവസങ്ങളിൽ 38,000 പേർ കുവൈത്തിലേക്ക് വന്നു. അവധിക്കാലത്ത് കുവൈത്തിൽനിന്ന് പുറത്തുപോയവരുടെ മൂന്നിൽ രണ്ട് എണ്ണം തിരിച്ചെത്തിയിട്ടുണ്ട്. ദീർഘനാൾ സർക്കാർ സംവിധാനങ്ങൾ അവധിയായത് സ്വകാര്യ കമ്പനികളെയും നിരവധി വ്യക്തികളെയും ബാധിച്ചിരുന്നു. ഓഫിസുകൾ പുനരാരംഭിച്ചത് റോഡിൽ തിരക്ക് വർധിക്കാൻ ഇടയാക്കി.
കൂടുതൽ പേർ തിരിച്ചെത്തിയതും ഓഫിസുകൾ സജീവമായതും വിപണിക്ക് കരുത്തുപകരുന്ന കാര്യമാണ്.
തിരിച്ചെത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യമാകുന്നത്. അധിക സന്നാഹങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നതിനാൽ യാത്രക്കാർക്ക് വലിയ പ്രയാസം നേരിട്ടില്ല.
രണ്ട് ദിവസത്തിനിടെ 326 വിമാനങ്ങൾ കുവൈത്തിലേക്കും 325 എണ്ണം തിരിച്ചും സഞ്ചരിച്ചു. മേയ് ഒന്ന് മുതൽ മേയ് അഞ്ച് വരെയായിരുന്നു പെരുന്നാൾ അവധി. ഇത്, മുമ്പും ശേഷവും വരുന്ന വാരാന്ത അവധി ദിനങ്ങൾകൂടി ചേർന്നാണ് അടുപ്പിച്ച് ഒമ്പതു ദിവസം ഒഴിവ് ലഭിച്ചത്.