മരുഭൂമിയിൽ തമ്പ് മാലിന്യം കുമിഞ്ഞുകൂടുന്നു
text_fieldsമരുഭൂമിയിൽ അലക്ഷ്യമായി തള്ളിയ മാലിന്യം
കുവൈത്ത് സിറ്റി: മരുഭൂ പ്രദേശങ്ങളിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ശൈത്യകാല തമ്പുകളിൽനിന്നുള്ള മാലിന്യമാണ് ഒഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്നത്. ശൈത്യകാല തമ്പുകൾക്ക് ഇത്തവണ അനുമതിയില്ലാത്തതിനാൽ മുനിസിപ്പാലിറ്റി അധികൃതർ ഇൗ ഭാഗങ്ങളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്നില്ല.
അതേസമയം, ആയിരക്കണക്കിന് തമ്പുകൾ നിയമം ലംഘിച്ച് നിർമിച്ചിട്ടുണ്ട്. ഇവിടെനിന്നുള്ള മാലിന്യമാണ് പരിസ്ഥിതിക്ക് നാശം വിതച്ച് മരുഭൂപ്രദേശങ്ങളിൽ തള്ളുന്നത്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 4000ത്തിലേറെ തമ്പുകൾ ഇതിനകം നീക്കം ചെയ്തു.
തമ്പുകൾക്കിടയിലെ അകലം കാരണം വേഗത്തിൽ നീക്കാൻ കഴിയുന്നില്ല. കണ്ണെത്താ മരുഭൂമിയിൽ പലയിടത്തായി ചിതറിക്കിടക്കുന്ന തമ്പുകൾ കണ്ടെത്തുന്നതുതന്നെ പ്രയാസമാണ്. പരന്നുകിടക്കുന്ന മരുഭൂമിയിൽ പലയിടത്തേക്കായി യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കൽ ശ്രമകരമാണ്. റോഡോരത്ത് കാണുന്ന ഭാഗത്തെ തമ്പുകളാണ് കാര്യമായി നീക്കിയത്. രാവിലെ നടത്തിയിരുന്ന പരിശോധന വൈകീട്ടത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. ഇത്തവണ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. മാലിന്യം തള്ളുന്നത് മേഖലയുടെ ഭംഗി നശിപ്പിക്കുന്നു. പൊതുവിൽ രാജ്യത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മാലിന്യം ഗണ്യമായി കൂടിവരുകയാണ്.
പ്രതിദിന മാലിന്യത്തിെൻറ കാര്യത്തിൽ ലോകത്തുതന്നെ മുന്നിലാണ് കുവൈത്ത്. മാലിന്യം നിക്ഷേപിക്കാൻ മുനിസിപ്പാലിറ്റി സ്ഥാപിച്ച പെട്ടികളിലല്ലാതെ റോഡരികിലും കെട്ടിടങ്ങളുടെ മൂലകളിലും പലയിടത്തും മാലിന്യ സഞ്ചികൾ കുന്നുകൂടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

