കുവൈത്തിന്റ ഓർമകളിൽ കെടാതെ കത്തി ആ ദിനങ്ങൾ...
text_fieldsതീ പടർന്ന എണ്ണക്കിണറുകൾ
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിന്റെ മറ്റൊരു ഓർമദിനം കൂടി പിന്നിട്ട് കുവൈത്ത്. ഇറാഖ് കൊളുത്തിയ എണ്ണക്കിണറുകളിലെ തീ അണച്ചിട്ട് വ്യാഴാഴ്ച 34 വർഷം പിന്നിട്ടു. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കുവൈത്ത് പിടിച്ചടക്കിയത്. അന്താരാഷ്ട്ര സേനകളുടെ ഇടപെടലിലൂടെ 1991 ഫെബ്രുവരി 26ന് മോചിപ്പിക്കപ്പെട്ടു. എന്നാൽ കുവൈത്തിലെ എണ്ണക്കിണറുകൾക്ക് വ്യാപകമായി തീയിട്ടാണ് ഇറാഖിസേന മടങ്ങിയത്. പിന്നീട് മാസങ്ങളോളം കിണറുകളിൽ തീ അണയാതെ നിന്നു.
കറുത്ത പുകയുടെ നാളുകൾ
കുവൈത്തിലെ 737 എണ്ണക്കിണറുകൾക്കാണ് ഇറാഖി സൈന്യം തീയിട്ടത്. 54 എണ്ണ ക്കിണറുകൾ പൂർണമായും നശിച്ചു. എണ്ണ ശേഖരണ കേന്ദ്രങ്ങളിലും ടെർമിനലുകളിലും സ്ഫോടനങ്ങൾ, സസ്യങ്ങൾ, കെട്ടിടങ്ങൾ, സമുദ്ര, കര ജീവികൾ എന്നിവക്ക് വ്യാപകമായ നാശനഷ്ടവും സംഭവിച്ചു.
തീപിടിത്തം എണ്ണ ഉൽപാദനത്തെ തടസ്സപ്പെടുത്തി. പ്രതിദിനം നാലു മുതൽ ആറു ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണയുടെ നഷ്ടം വന്നു. ഏകദേശം 23 ദശലക്ഷം ബാരൽ എണ്ണശേഖരം പാഴായി. പ്രതിദിനം 120 ദശലക്ഷം യു.എസ് ഡോളറിന്റെ നഷ്ടമാണ് ഇത് വരുത്തിവെച്ചത്.
എണ്ണക്കിണറുകളിൽനിന്നുള്ള കറുത്തപുകയുടെ ആവരണത്തിലായിരുന്നു മാസങ്ങളോളം കുവൈത്തിലെ ആകാശം. അയൽ രാജ്യങ്ങളെയും ദുരന്തം ബാധിച്ചു.
പുകയും വിഷലിപ്തമായ മഴയും ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ഇറാൻ, ഒമാൻ എന്നിവിടങ്ങളിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലും എത്തി.
ചടുലമായ നീക്കങ്ങൾ
കുവൈത്ത് തീ കെടുത്താൻ ചടുലമായ നീക്കങ്ങൾ നടത്തി. രാവും പകലും നീണ്ടുനിന്ന ശ്രമങ്ങളിൽ വിപുലമായ അറിവുള്ള ആഗോള സ്ഥാപനങ്ങളെ ചേർത്തുനിർത്തി. കുവൈത്ത് ഓയിൽ കമ്പനി പ്രത്യേക സംഘത്തിന് രൂപംനൽകി. പരിമിതമായ വിഭവങ്ങളിൽ കുവൈത്ത് അഗ്നിശമന സംഘം 41 കിണറുകൾ കെടുത്തി അന്താരാഷ്ട്ര അംഗീകാരം നേടി. 27 വിദേശ ടീമുകളിൽനിന്നുള്ള 10,000ത്തിൽ അധികം ഉദ്യോഗസ്ഥരും പരിഹാരങ്ങൾക്കായി ശ്രമിച്ചു. 5,800ൽ അധികം പ്രത്യേക വാഹനങ്ങളും ഉപകരണങ്ങളും ഇതിൽ ഭാഗവാക്കായി. ഒടുവിൽ കുറഞ്ഞ മാസം കൊണ്ട് വിജയകരമായി കിണറുകളിലെ തീ കെടുത്തി. പിന്നീട് ലോക എണ്ണവിപണിയിൽ കുവൈത്ത് വളരെ വേഗം തങ്ങളുടെ മുൻനിര സ്ഥാനം അടയാളപ്പെടുത്തി. അപ്പോഴും രാജ്യ ചരിത്രത്തിന്റെ ഓർമകളിൽ പഴയ കറുത്ത ദിനങ്ങൾ കെടാതെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

