കുവൈത്ത് സിറ്റി: കുവൈത്ത്, ഇറാഖ് മന്ത്രിതല യോഗം ഞായറാഴ്ച സംഘടിപ്പിച്ചു. കുവൈത്തി പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല നയിച്ചപ്പോൾ ഇറാഖി സംഘത്തെ ഇറാഖി വിദേശകാര്യ അണ്ടർ സെക്രട്ടറി അബ്ദുൽ കരീം ഹാഷിം നയിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി വാണിജ്യ ബന്ധങ്ങൾ വിലയിരുത്തുകയുമായിരുന്നു യോഗത്തിെൻറ ലക്ഷ്യം.
കഴിഞ്ഞ വർഷം നടത്തിയ കുവൈത്ത്, ഇറാഖി ഹയർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ എട്ടാമത് സെഷെൻറ അജണ്ട അവലോകനം ചെയ്തു. ഇറാഖിനും കുവൈത്തിനുമിടയിൽ ഫ്രീ ട്രേഡ് സോൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ സംയുക്ത പദ്ധതികൾ അണിയറയിലുണ്ട്. എണ്ണ വില കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ എണ്ണയിതര വരുമാനം വർധിപ്പിക്കാൻ കുവൈത്ത് ലക്ഷ്യമിടുന്നു. ഫ്രീ ട്രേഡ് സോൺ ഉൾപ്പെടെ പദ്ധതികൾക്ക് ഇതിൽ നിർണായക പങ്കുണ്ട്. കുവൈത്തിൽ അധിനിവേശം നടത്തിയ രാജ്യമാണെങ്കിലും സമീപകാലത്ത് ഇറാഖുമായി കുവൈത്ത് ഉൗഷ്മള ബന്ധമാണ് പുലർത്തിവരുന്നത്.