കുവൈത്ത്, അമേരിക്ക സ്ട്രാറ്റജിക് ഡയലോഗ് ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്, അമേരിക്ക സ്ട്രാറ്റജിക് ഡയലോഗ് തിങ്കളാഴ്ച ആരംഭിച്ചു. ഒാൺലൈനായും നേരിട്ടും നിരവധി ഉഭയകക്ഷി സംഭാഷണങ്ങൾ നടക്കും. സമാപനം നവംബർ 24ന് വാഷിങ്ടണിലാണ്. സമാപന പരിപാടിയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് അൽ നാസർ അൽ മുഹമ്മദ് അസ്സബാഹ് എന്നിവർ നേതൃത്വം നൽകും.
രാഷ്ട്രീയം, മനുഷ്യാവകാശം, വികസനം, വിദ്യാഭ്യാസം, ശാസ്ത്രം, സുരക്ഷ, കോൺസുലർ സർവിസ്, കസ്റ്റംസ്, അതിർത്തി സംരക്ഷണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാവും ചർച്ചകൾ. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ സംഭാഷണങ്ങൾ കാര്യമായി ഒാൺലൈനായാണ് നടക്കുകയെന്ന് കുവൈത്തിലെ അമേരിക്കൻ അംബാസഡർ അലീന റോമനോവ്സ്കി പറഞ്ഞു.
നാലുവർഷം മുമ്പാണ് അമേരിക്ക, കുവൈത്ത് സ്ട്രാറ്റജിക് ഡയലോഗ് ആരംഭിച്ചത്. മുൻവർഷങ്ങളിലും വിജയകരമായിരുന്നു. ഉന്നത വിദ്യാഭ്യാസം, സൈബർ സെക്യൂരിറ്റി, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം, കസ്റ്റംസ് തുടങ്ങി മേഖലകളിൽ ധാരണപത്രങ്ങളിൽ ഒപ്പിടാൻ സംഭാഷണങ്ങളിലൂടെ കഴിഞ്ഞിരുന്നു. ആരോഗ്യ രംഗത്തെ സഹകരണവുമായി ബന്ധപ്പെട്ട് നിർണായകമായ ധാരണപത്രത്തിൽ ഇൗ വർഷം ഒപ്പിടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

