ഉഭയകക്ഷി ബന്ധത്തിൽ സുപ്രധാന ചുവടുവെപ്പ്; കുവൈത്തും ഇന്ത്യയും സംയുക്ത സഹകരണ സമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് സുപ്രധാന ചുവടുവെപ്പ്. ഇരു സർക്കാറുകളും കഴിഞ്ഞ വർഷം ഒപ്പുവെച്ച സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിന് (എം.ഒ.യു) ഔദ്യോഗിക അംഗീകാരമായി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സംയുക്ത സഹകരണ സമിതി രൂപവത്ക്കരിക്കുകന്നതിനായി 2024 ഡിസംബർ നാലിന് ന്യൂഡൽഹിയിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഞായറാഴ്ച 2025 ലെ 82-ാം നമ്പർ ഡിക്രി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, സാമ്പത്തികം, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, കോൺസുലാർ, തൊഴിൽ കാര്യങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹുമുഖ സഹകരണം, ഭാവി മേഖലകൾ എന്നിങ്ങനെ പത്ത് പ്രധാന മേഖലകൾ സംയുക്ത സഹകരണ സമിതി വിലയിരുത്തും. ഇതിനകം നിലവിലുള്ള കരാറുകൾ, ഉടമ്പടികൾ, സഹകരണ പരിപാടികൾ എന്നിവയുടെ നിർവഹണത്തിന് മേൽനോട്ടവും നിർവഹിക്കും.
ഇരു രാജ്യങ്ങളുടെയും നിയമ ചട്ടക്കൂടുകൾക്കും ലഭ്യമായ വിഭവങ്ങൾക്കും അനുസൃതമായി പദ്ധതി നടപ്പാക്കൽ ഉറപ്പാക്കും. നിയുക്ത മേഖലകളിൽ വിവരങ്ങൾ, വൈദഗ്ദ്ധ്യം, കൂടിയാലോചനകൾ എന്നിവയുടെ കൈമാറ്റം സുഗമമാക്കുന്നതിനും കമ്മിറ്റി രൂപവത്ക്കരണം സഹായിക്കും. കുവൈത്ത്-ഇന്ത്യ തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും പരസ്പര വികസനത്തിനും കമ്മിറ്റി ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

