അധാർമിക ഉള്ളടക്കം തടയും; ഓൺലൈൻ, സോഷ്യൽ മീഡിയ നിരീക്ഷണം ശക്തം
text_fieldsകുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ മേഖലയിലും നിരീക്ഷണം ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതു ധാർമികതയെ ലംഘിക്കുന്നതോ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഓൺലൈൻ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അശ്ലീലവും അധാർമികവുമായ ഉള്ളടക്കങ്ങളും തടയലും ലക്ഷ്യമിട്ടാണ് നടപടി.
രാജ്യത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടുന്ന സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് വിപുലമായ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രോണിക് കുറ്റകൃത്യ നിരോധന വിഭാഗം നടത്തിയ പരിശോധനയിൽ 48 നിയമലംഘനങ്ങൾ കണ്ടെത്തി.
പൊതു ധാർമികതയെ വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ, വ്യക്തികളെ അവഹേളിക്കുന്ന പ്രസ്താവനകൾ, നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കം എന്നിവ കണ്ടെത്തി. നിരോധിതവും നിയമവിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിച്ചിരുന്ന ചില വ്യാജ അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്.
കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് നിയമനടപടിക്കായി കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾ നിയമങ്ങളും ഉത്തരവാദിത്തവും പാലിക്കണമെന്നും ഓർമിപ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരിൽ ധാർമികത ലംഘിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

