വനിത സലൂണിൽ കോസ്മെറ്റിക് ക്ലിനിക് നടത്തിയ പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വനിത സലൂണിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കോസ്മെറ്റിക് ക്ലിനിക് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അടച്ചു പൂട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. സബാഹ് അൽ സാലിം മേഖലയിൽ നടത്തിയ പരിശോധനയിൽ ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റാണ് നടപടി സ്വീകരിച്ചത്.
അഗ്രികൾചറൽ കോൺട്രാക്റ്റിങ് കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ഇയാൾ അനധികൃതമായി പ്ലാസ്റ്റിക് സർജനായി പ്രവർത്തിക്കുകയായിരുന്നു. 50 കുവൈത്ത് ദീനാറിന് ഇൻജക്ഷനുകൾ ഉൾപ്പെടെയുള്ള കോസ്മെറ്റിക് നടപടിക്രമങ്ങൾ നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് ആവശ്യമായ മെഡിക്കൽ ലൈസൻസ് ഉണ്ടായിരുന്നില്ല.
പരിശോധനയിൽ കോസ്മെറ്റിക് ഉപകരണങ്ങളും, ലൈസൻസില്ലാത്ത മെഡിക്കൽ സാമഗ്രികളും, ഇൻജക്ഷനുകളും, ലൈസൻസുള്ള ക്ലിനിക്കുകളിൽ മാത്രം ഉപയോഗിക്കുന്ന ലേസർ ഉപകരണവും പിടിച്ചെടുത്തു. അംഗീകാരമില്ലാത്ത മെഡിക്കൽ, കോസ്മെറ്റിക് സേവനങ്ങൾ നൽകിയിരുന്ന മൂന്നു വനിത ജീവനക്കാരെയും (ഒരു കെനിയൻ സ്വദേശിയെയും രണ്ടു ഈജിപ്ഷ്യൻ സ്വദേശികളെയും) റെയ്ഡിൽ കണ്ടെത്തി.
അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട ഒരു സ്ത്രീയുടെ ഉടമസ്ഥതയിലാണ് സലൂൺ പ്രവർത്തിച്ചിരുന്നത്. ഇവർ ലൈസൻസില്ലാത്ത ആറു സലൂണുകളുടെയും വനിത ആരോഗ്യ കേന്ദ്രങ്ങളുടെയും ഒരു ശൃംഖല നടത്തുകയും അവയെ താത്കാലിക ക്ലിനിക്കുകളാക്കി മാറ്റുകയും ചെയ്തതായി സമ്മതിച്ചു. ജീവനക്കാർ അനധികൃതമായി മരുന്ന് നൽകിയിരുന്നതായും ഇവർ വെളിപ്പെടുത്തി. നിലവിൽ വിദേശത്തുള്ള ഒരു ഈജിപ്ഷ്യൻ പങ്കാളിക്കും ഇതിൽ പങ്കുണ്ടെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

