ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണം- താരീഖ് അൽ ബന്നായ്
text_fieldsതാരീഖ് അൽ ബന്നായ്
കുവൈത്ത് സിറ്റി: ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതിനായുള്ള എല്ലാ നീക്കങ്ങളെയും കുവൈത്ത് നിരസിച്ചതായും ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ (യു.എൻ) കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരീഖ് അൽ ബന്നായ് പറഞ്ഞു.
ഗസ്സയിലേക്ക് മാനുഷിക സഹായത്തിനായി ക്രോസിങ്ങുകൾ തുറക്കണമെന്നും താരീഖ് അൽ ബന്നായ് ആവശ്യപ്പെട്ടു. ഗസ്സയിലെ സംഭവവികാസങ്ങളെയും അധിനിവേശ സേന ഫലസ്തീൻ സിവിലിയന്മാർക്കെതിരെ തുടരുന്ന ലംഘനങ്ങളെയുംകുറിച്ച് യു.എൻ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിനുമുമ്പ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗസ്സയിൽ ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനം നടത്തിവരുകയാണ്. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 3250ലധികമാണ്. നിരപരാധികളായ കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണം ഏറ്റവും കഠിനമായ കുറ്റകൃത്യമാണ്. സിവിലിയൻ സംരക്ഷണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം മാത്രമാണ് സമഗ്രമായ സമാധാനത്തിനുള്ള വഴിയെന്നും അൽ ബന്നായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

