ഇസ്രായേൽ ആക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം
text_fieldsഏഷ്യൻ പാർലമെന്ററി അസംബ്ലി ഫലസ്തീൻ കമ്മിറ്റി അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫലസ്തീനുമേൽ ആക്രമണം തുടരുന്ന ഇസ്രായേലിനെ സമ്മർദത്തിലാക്കാൻ യു.എൻ പ്രമേയങ്ങൾ സജീവമാക്കണമെന്ന് കുവൈത്ത് ദേശീയ അസംബ്ലി പാർലമെന്ററി കോക്കസ് അണ്ടർ സെക്രട്ടറി ഹമദ് അൽ മുതാർ എം.പി ആവശ്യപ്പെട്ടു. തെഹ്‌റാനിൽ നടന്ന ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ ഫലസ്തീൻ കമ്മിറ്റിയുടെ (എ.പി.എ) ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകൽ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സാധാരണക്കാർക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും ഉറപ്പാക്കൽ, കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി ഒരു പരമാധികാര സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ എന്നിവയുടെ ആവശ്യകതയും അൽ മുതാർ ഉന്നയിച്ചു. ഫലസ്തീൻ വിഷയത്തിൽ തത്ത്വപരവും അചഞ്ചലവുമായ നിലപാട് കുവൈത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ 23,000ത്തിലധികം ഫലസ്തീനികളുടെ രക്തസാക്ഷിത്വവും പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റതും അടിസ്ഥാന സൗകര്യങ്ങളുടെയും ആശുപത്രികളുടെയും നാശവും ഹമദ് അൽ മുതാർ ഉയർത്തിക്കാട്ടി. മാനുഷിക മാനദണ്ഡങ്ങളും മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ആക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിൽ പ്രാദേശിക, അന്തർദേശീയ പാർലമെന്റുകളുടെ പങ്ക് അൽ മുതാർ സൂചിപ്പിച്ചു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്ക സമർപ്പിച്ച വ്യവഹാരത്തിൽ സർക്കാർ ചേരണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് ദേശീയ അസംബ്ലിയുടെ വിദേശകാര്യ സമിതി പുറത്തിറക്കിയ പ്രസ്താവന അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ഉൾപ്പെടെ 26 ഏഷ്യൻ, മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ള നിയമനിർമാതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

