വാഹന ഗ്ലാസുകൾ വല്ലാതെ മറക്കേണ്ട നിയമവിരുദ്ധ ടിന്റിങ്ങിന് തടവോ പിഴയോ ലഭിക്കാം
text_fieldsകുവൈത്ത് സിറ്റി: വേനൽക്കാലത്ത് താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്യുമ്പോൾ പലരും വാഹനങ്ങളുടെ വിൻഡോകളും ഗ്ലാസുകളും ടിന്റിങ് ചെയ്യാറുണ്ട്. കനത്തചൂടിൽ നിന്ന് രക്ഷതേടിയാണ് ഇതെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ നിയമവശങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും.
2020ലെ 864ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരം, വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെ എല്ലാ ഗ്ലാസുകളിലും ടിന്റിങ് അനുവദിക്കുന്ന നിയമം നിലവിലുണ്ട്. എന്നാൽ ജനാലകൾ 70 ശതമാനം വരെ മാത്രമേ ടിന്റ് ചെയ്യാവൂ. കുറഞ്ഞത് 30 ശതമാനം സുതാര്യത നിലനിർത്തണം. കഠിനമായ കാലാവസ്ഥയിൽനിന്ന് ആശ്വാസം നൽകുന്നതിനായി ദൃശ്യപരതയും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തിയാണ് ഈ അനുമതിയെന്ന് അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു.
മുൻവശത്ത് കർശന നിരോധനം
മുൻവശത്തെ ഗ്ലാസ് ടിൻ ചെയ്യുന്നതിന് കർശന നിരോധനമുണ്ട്. സുരക്ഷിതമായ യാത്രക്ക് ഡ്രൈവർമാർക്ക് തടസ്സമില്ലാത്ത ദൃശ്യപരത ഉറപ്പാക്കുന്നതിനാണ് ഇത്. നിയമവിരുദ്ധമായി ടിന്റിങ് നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മുൻവശത്തെ ഗ്ലാസിൽ ടിൻ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കും.
നിയമപരമായ പരിധിക്കപ്പുറം വാഹന ഗ്ലാസിന്റെ നിറമോ സുതാര്യതയോ മാറ്റിയാൽ 50 ദീനാർ മുതൽ 200 ദീനാർ വരെ പിഴ, രണ്ട് മാസം വരെ തടവ് എന്നിവ ലഭിക്കാം. പിഴ അടച്ച് വാഹനം വിട്ടുകിട്ടാൻ ടിന്റുകൾ നീക്കം ചെയ്യലും നിർബന്ധമാണ്. നിയമപാലനം നിലനിർത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയവുമായും കുവൈത്ത് മുനിസിപ്പാലിറ്റിയുമായും സഹകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർടുമെന്റ് പരിശോധനകൾ നടത്തിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.