തോക്കുകളും മയക്കുമരുന്നുമായി അനധികൃത താമസക്കാരൻ പിടിയിൽ
text_fieldsപിടിച്ചെടുത്ത ആയുധങ്ങളും മറ്റുവസ്തുക്കളും
കുവൈത്ത് സിറ്റി: തോക്കുകളും മയക്കുമരുന്നുമായി അനധികൃത താമസക്കാരൻ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥനായി വേഷം ധരിച്ച് ഒന്നിലധികം കവർച്ചകൾ ഇയാൾ നടത്തിയതായും സംശയിക്കുന്നു. വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ടപ്പോൾ പരിഭ്രാന്തിയോടെ അതിവേഗത്തിൽ വാഹനമോടിച്ചതിനെ തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ, ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് വാക്കി ടോക്കികൾ, നാല് മൊബൈൽ ഫോണുകൾ, പൊതു സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ ബാഡ്ജ്, മയക്കുമരുന്ന്, ഉത്തേജക ഗുളികകളുടെ ഒരു സ്ട്രിപ്പ്, മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങൾ എന്നിവ അധികൃതർ കണ്ടെത്തി.
ആയുധങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, സുരക്ഷാ ബാഡ്ജ് എന്നിവയിൽനിന്ന് കവർച്ച നടത്തുന്നതിനായി പ്രതി നിയമപാലകരുടെ വേഷം ധരിച്ചിരിക്കാമെന്ന് സംശയിക്കുന്നു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കായി പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോളിലേക്ക് മാറ്റും. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

