അനധികൃത താമസക്കാരെ ജോലിക്കുവെച്ചാൽ കനത്ത പിഴ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാരെയും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയെത്തിയവരെയും ജോലിക്കുവെച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി വക്താവ് അസീൽ അൽമസ്യ പറഞ്ഞു. മൂന്നുവർഷം വരെ തടവും 2,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയും ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സാഹചര്യങ്ങൾക്കനുസരിച്ച് തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കും.
ഇത്തരം തൊഴിലാളികളെ നാടുകടത്താനുള്ള താമസകാര്യ വകുപ്പിെൻറ അവകാശത്തിൽ ഇടപെടാൻ മാൻപവർ അതോറിറ്റി ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.
രാജ്യത്തിന് ഏറ്റവും ഗുണകരമായ തൊഴിൽശക്തിയെ രൂപപ്പെടുത്താൻ മാൻപവർ അതോറിറ്റി അവബോധ കാമ്പയിൻ ആരംഭിച്ചു. തൊഴിലുടമകൾക്ക് വിഷയത്തിൽ ബോധവത്കരണം നൽകുകയാണ് ലക്ഷ്യം.
തൊഴിലുടമകളിൽനിന്ന് വിവിധ കാരണങ്ങളാൽ ഒളിച്ചോടി മറ്റു സ്ഥലങ്ങളിൽ ജോലിയെടുക്കുന്നത് രാജ്യത്ത് വ്യാപകമാണ്. അധികൃതർ നടപടി ശക്തമാക്കുകയാണെങ്കിൽ ഇങ്ങനെ തൊഴിലെടുക്കുന്നവരും ഇത്തരക്കാർക്ക് തൊഴിൽ നൽകുന്നവരും വലയും. തൊഴിലാളികൾ തൊഴിലുടമയിൽനിന്ന് ഒളിച്ചോടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം തൊഴിലാളികളെ നാടുകടത്തുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കാൻ കമ്മിറ്റിക്ക് രൂപം നൽകാൻ ആലോചനയുണ്ട്. മാനവവിഭവ ശേഷി പൊതുഅതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് കമ്മിറ്റി രൂപവത്കരണത്തിന് നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച് മാനവ വിഭവശേഷി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ധാരണയിലെത്തിയതായി അറിയുന്നു. ഒളിച്ചോട്ട കേസുകളിൽ മാനുഷിക പരിഗണന നൽകിയുള്ള പരിഹാര നടപടികളായിരിക്കും കമ്മിറ്റി നിർദേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
