കളിയും ആഘോഷവുമായി കുട്ടികളുടെ നോമ്പുരാത്രി
text_fieldsലുസൈൽ ബൊളെവാഡിലെ ഗരങ്കാവൂ ആഘോഷത്തിൽനിന്ന്
ദോഹ: വൈകുന്നേരം പാത്തും പതുങ്ങിയും പെയ്ത മഴ രാത്രിയായതോടെ മാറിനിന്നു. ഇഫ്താറും തറാവീഹ് നമസ്കാര സമയവും കഴിഞ്ഞ് കൂട്ടിക്കൂട്ടങ്ങൾ ഒന്നിച്ച് ആഘോഷത്തിനായി ഇറങ്ങിയതോടെ കാർമേഘങ്ങൾ മാറിനിന്ന അന്തരീക്ഷവും ‘ഗരങ്കാവൂ’ ഫെസ്റ്റിനെ വരവേറ്റു. രാവിനെ പകലാക്കി കുട്ടിക്കൂട്ടങ്ങൾ തെരുവുകളാകെ കീഴടക്കി. അവരുടെ പെരുന്നാളായി മാറിയ നോമ്പിനെ ആഘോഷങ്ങളുടെ രാത്രിയാക്കി മാറ്റി രക്ഷിതാക്കളും ഒപ്പമെത്തിയപ്പോൾ സമീപകാലങ്ങളിലൊന്നുമില്ലാത്തൊരു ‘ഗരങ്കാവൂ’ ആഘോഷത്തിനായിരുന്നു ഖത്തർ ഇത്തവണ വേദിയായത്.
കതാറയിൽ നടന്ന ഗരങ്കാവൂ ആഘോഷത്തിൽ കുട്ടികൾക്ക് മധുരം നൽകുന്നു
ഓരോ വർഷവും കൂടുതൽ വൈവിധ്യമാർന്ന പരിപാടികളോടെയെത്തുന്ന ‘ഗരങ്കാവൂ’ നോമ്പുത്സവം ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മാളുകളും സൂഖും കതാറയുമെല്ലാം ഒരുപോലെ ആഘോഷവേദികളാക്കി.
ലുസൈൽ ബൊളെവാഡ്, കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ഉംസലാലിലെ ദർബ് അൽ സാഇ, വിവിധ മാളുകൾ, നഗരസഭകളുടെ നേതൃത്വത്തിൽ വിവിധ പാർക്കുകൾ, ദോഹ എക്സ്പോ വേദി, ഓൾഡ് പോർട്ട്, അൽ ഷഖാബ്, ദോഹ ഫയർ സ്റ്റേഷൻ, പേൾ ഖത്തർ അങ്ങനെ പലയിടങ്ങളിലായി ഗരങ്കാവൂ ആഘോഷം വർണാഭമായി. സ്വദേശി കുടുംബങ്ങൾക്കൊപ്പം മലയാളികളും വിവിധ അറബ് രാജ്യക്കാരും ഉൾപ്പെടുന്ന താമസക്കാരുടെയും സാന്നിധ്യം വലിയതോതിലുണ്ടായിരുന്നു.
കതാറയിൽ നടന്ന ഗരങ്കാവൂ ആഘോഷത്തിലെ കുട്ടിക്കളികൾ
നേരത്തേ സ്വദേശി വീടുകളിൽനിന്നും കുട്ടികൾ ബന്ധുവീടുകളിലേക്ക് സമ്മാനം തേടിയുള്ള യാത്രയായിരുന്നു പ്രധാനമമെങ്കിൽ ഇപ്പോൾ, പ്രധാന കേന്ദ്രങ്ങളിൽ രാത്രിയെ പകലാക്കുന്ന ഉത്സവകാഴ്ചയായി മാറി.
ഞായറാഴ്ച രാത്രി എട്ടു മുതൽ അർധരാത്രി 12 വരെയായിരുന്നു ‘ഗരങ്കാവൂ’ ആഘോഷ പരിപാടികൾ. റമദാനിലെ 14ാമത്തെ നോമ്പ് പൂർത്തിയാക്കിയതിന് പിന്നാലെ ഫാൻസി കുപ്പായങ്ങളണിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളെ കാത്ത് രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ മുതിർന്നവർ സമ്മാനങ്ങളും മധുരപലഹാരങ്ങളും ഉടുപ്പുകളുമായി കാത്തിരുന്നു.
ലുസൈൽ ബൊളെവാഡിൽ പരമ്പരാഗത ആഘോഷങ്ങൾക്കൊപ്പം വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. പരമ്പരാഗത ബോട്ട് നിർമാണം, മൈലാഞ്ചി ഇടൽ, കുട്ട നിർമാണം മുതൽ വിവിധ അറബ് രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളും പാചകങ്ങളും സുഗന്ധങ്ങളുമെല്ലാം വിവിധ പവലിയനുകളിലായി ഒരുക്കിയിരുന്നു. ഈജിപ്ഷ്യൻ കലാകാരന്മാരുടെ ‘തനൗറ’ നൃത്തം, സൂഫി സംഗീതവും നൃത്തവുമായി മൊറോക്കോയിൽനിന്നുള്ള കലാകാരന്മാർ എന്നിവരും വൈവിധ്യമൊരുക്കി. ഇതോടൊപ്പം കുട്ടികൾക്ക് വിവിധ വിനോദപരിപാടികളും ലുസൈൽ ബൊളെവാഡിൽ സജ്ജമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

