നാടുകടത്തും മുമ്പ് തൊഴിലാളികളുടെ ഭാഗം കേൾക്കണമെന്ന് മനുഷ്യാവകാശ സൊസൈറ്റി
text_fieldsകുവൈത്ത് സിറ്റി: വിദേശികൾക്ക് കുവൈത്തിൽ തൊഴിൽവിസ ലഭിക്കാൻ 1500 ദീനാറിൽ കൂടുതൽ കൊടുക്കേണ്ടിവരുന്നതായി പരാതി. വിസക്കച്ചവടക്കാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. സ്പോൺസർമാർ വിസക്കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. ഇങ്ങനെ വലിയ സാമ്പത്തിക ബാധ്യതയിൽപെടുന്നതുകൊണ്ടാണ് വിദേശികൾ തൊഴിൽനിയമം ലംഘിക്കാൻ നിർബന്ധിതരാവുന്നത്. സ്പോൺസർ എന്ന നിലക്ക് ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെയും തനിക്ക് കീഴിൽ തൊഴിൽ നൽകാതെയുമാണ് പലരും പണം കൈപ്പറ്റുന്നത്. തെൻറ കീഴിൽ തൊഴിലെടുക്കാനല്ലാതെ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്പോൺസർക്ക് മൂന്നുവർഷം വരെ ജയിൽശിക്ഷയും 2000 മുതൽ 10,000 ദീനാർ വരെ പിഴയും നൽകണമെന്നാണ് കുവൈത്ത് തൊഴിൽ നിയമം അനുശാസിക്കുന്നത്.
എന്നാൽ, രാജ്യത്ത് വിസക്കച്ചവടം തകൃതിയാണെന്ന് സൊസൈറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയും അന്യായമായും നാടുകടത്തരുതെന്ന് മനുഷ്യാവകാശ സൊസൈറ്റി ശിപാർശ ചെയ്തു. ഒരുപാട് കേസുകളിൽ തൊഴിലാളികളെ സ്പോൺസർമാർ ചതിയിൽ പെടുത്തുകയാണ്. ജോലിയെടുപ്പിച്ച ശേഷം ശമ്പളം കൊടുക്കുന്നില്ല. ചോദിച്ചാൽ വർക്ക് പെർമിറ്റ് റദ്ദാക്കുകയോ ഒളിച്ചോടിയതായി പരാതി നൽകുകയോ ആണ്. ഇത്തരം കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം പിടികൂടി നാടുകടത്തുന്നത് അന്യായമാണ്. ഗാർഹികത്തൊഴിലാളികളെ ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതായി ധാരാളം പരാതികൾ സൊസൈറ്റിയുടെ ഹോട്ട്ലൈൻ നമ്പറിൽ ലഭിക്കുന്നു. അറബി സംസാരിക്കാത്ത വിദേശികൾക്ക് നിയമസഹായം നൽകുന്നതിന് ഏഴു വിദേശഭാഷകളിൽ തർജമക്കാരെ നൽകണമെന്ന കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ ആവശ്യം മാൻപവർ അതോറിറ്റിയിലെ തൊഴിൽ വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
