മനുഷ്യക്കടത്തും വിസ തട്ടിപ്പും; ഇന്ത്യക്കാരനടക്കമുള്ള സംഘം പിടിയിൽ
text_fieldsമനുഷ്യക്കടത്തിൽ പിടിയിലായ സംഘം
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും റെസിഡൻസി തട്ടിപ്പും നടത്തിയ കേസിൽ ഇന്ത്യക്കാരനടക്കമുള്ള സംഘം പിടിയിൽ. പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യൽ, വിസ വിൽപ്പന തുടങ്ങി റെസിഡൻസി നിയമ ലംഘനം നടത്തിയ സ്വദേശി അടക്കമുള്ള ഒമ്പതു പേരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ നീക്കത്തിലാണ് സംഘം വലയിലായത്.
25 കമ്പനികളിലും നാല് അനുബന്ധ സ്ഥാപനങ്ങളിലും നിയമപരമായ അധികാരമുള്ളയാളാണ് പിടിയിലായ സ്വദേശി. ഈ പദവി ദുരുപയോഗം ചെയ്തു പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യുന്നതിനും വിസ വിൽക്കുന്നതിനും ശ്രമിച്ചതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങളിൽ 56 പ്രവാസികൾ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ മൂന്ന് പേർ താമസ നിയമം ലംഘിച്ചതായും മൂന്ന് പേർ വിസ വ്യവസ്ഥ ലംഘിച്ചതായും കണ്ടെത്തി. ഇവരിൽ പലരും നിയമപരമായി സ്പോൺസർ ചെയ്യാത്ത തൊഴിലുടമകൾക്കുവേണ്ടിയാണ് ജോലി ചെയ്തിരുന്നത്. വൻ തുക വാങ്ങിയായിരുന്നു റസിഡൻസി പെർമിറ്റ് ഇടപാട്. ഇതിന് ഇന്ത്യക്കാരൻ അടക്കം ഇടനിലക്കാരനായി. സിറിയൻ, ഇന്ത്യൻ തുടങിയ ഇടനിലക്കാർ വഴി 300 മുതൽ 1,200 ദീനാർ വരെ സ്വീകരിച്ചാണ് റെസിഡൻസി പെർമിറ്റുകൾ നൽകിയതെന്ന് പ്രധാന പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പിടിയിലായ ഇടനിലക്കാരെ ഉൾപ്പെടെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

