ഗാർഹികത്തൊഴിലാളി വ്യവസ്ഥകളിൽ മാറ്റം വരുത്തണം –അമേരിക്ക
text_fieldsകുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം കുവൈത്ത് സർക്കാറിനോടും മനുഷ്യാവകാശ സംഘടനയോടും ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ വർഷം ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് സ്ഥാപനങ്ങൾക്ക് രണ്ടുവർഷത്തിന് 40,000 ദീനാർ ജാമ്യത്തുക നിർബന്ധമാക്കിയത് അഭിനന്ദനാർഹമാണ്. ഗാർഹികനിയമങ്ങളിൽ ഈയിടെയായി വരുത്തിയ പരിഷ്കാരങ്ങളും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികൾക്ക് സംരക്ഷണം നൽകിയതും കുവൈത്തിെൻറ പ്രതിബദ്ധത തെളിയിക്കുന്നു. സ്പോൺസർമാരുടെ പീഡനം കാരണം പ്രയാസത്തിലായ 858 ഗാർഹികത്തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് പോകാൻ അനുവദിച്ചതും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. എന്നാൽ, സ്പോൺസർമാർക്കെതിരെ പാസ്പോർട്ട് തടഞ്ഞുവെക്കൽ, ശമ്പളം നൽകാതിരിക്കൽ, അധികസമയ ജോലി തുടങ്ങിയ പരാതികൾ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഗാർഹികത്തൊഴിലാളികൾക്കെതിരെ പോസ്റ്റിട്ട ബ്ലോഗർക്ക് പൊങ്കാല
കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾക്കെതിരെ പ്രതികരിച്ച ബ്ലോഗറും മോഡലുമായ സുൻദൂസ് അൽ ഖത്താന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല. വംശീയമായ പ്രസ്താവന നടത്തിയ സുൻദൂസ് ഖത്താൻ മാപ്പുപറയണമെന്ന് മനുഷ്യാവകാശ പ്രവർത്തകരും സാധാരണക്കാരും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
സ്വദേശികൾ ഉൾപ്പെടെ നിരവധിപേർ ഇവരെ വിമർശിച്ച് രംഗത്തുവന്നു. ഫിലിപ്പീൻ ഗാർഹികത്തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധിയും പാസ്പോർട്ട് കൈവശം വെക്കാനുള്ള അവകാശവും അനുവദിച്ച് നൽകിയ തൊഴിൽ കരാറിനെതിരെ ജൂലൈ 10ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ആണ് വിമർശനത്തിനിരയായത്. ഇൻറർനെറ്റിലൂടെ മേക്കപ്പ് പാഠങ്ങൾ നൽകിയാണ് ഖത്താൻ പ്രശസ്തയായത്.
23 ലക്ഷം പേർ ഫോളോവേഴ്സ് ഉള്ള സുൻദൂസ് ഒറ്റ ദിവസം കൊണ്ടാണ് ഹീറോയിൽനിന്ന് വില്ലൻ പരിവേഷത്തിലേക്ക് മാറിയത്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ മാപ്പുപറയില്ലെന്നാണ് ഇവരുടെ നിലപാട്. ‘‘തൊഴിലുടമ എന്ന നിലയിൽ തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വെക്കാനുള്ള അവകാശം തനിക്കുണ്ട്. തൊഴിലാളികളെ അപമാനിച്ചിട്ടില്ല. ഇതുവരെ അവരെ അടിക്കുകയോ ശമ്പളം തടഞ്ഞുവെക്കുകയോ ചെയ്തിട്ടില്ല. 1500 ദീനാറോളം പ്രതിമാസം ശമ്പളയിനത്തിൽ ഗാർഹികത്തൊഴിലാളികൾക്ക് നൽകുേമ്പാൾ പാസ്പോർട്ട് കൈവശം വെക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല’’ എ.എഫ്.പി വാർത്ത ഏജൻസിയോട് ഫോണിൽ ഇവർ പ്രതികരിച്ചു.
കുവൈത്തും ഫിലിപ്പീനുമായി മേയിൽ ഒപ്പുവെച്ച പുതിയ തൊഴിൽ കരാറിൽ തൊഴിലാളികൾക്ക് നിരവധി അവകാശങ്ങൾ നൽകുന്നുണ്ട്. തൊഴിലാളികൾക്ക് മൊബൈൽ ഫോൺ കൈവശം വെക്കാം, എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ വ്യവസ്ഥകൾ കരാറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
