വീട്ടുവേലക്കാരെ കൊണ്ടുവരാനുള്ള ചെലവ് കുറക്കും –ആഭ്യന്തരമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് സ്വദേശികൾക്കുള്ള സാമ്പത്തിക ബാധ്യത കുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് പറഞ്ഞു.

പാർലമെൻറിൽ എം.പി. ഖാലീൽ അൽ സാലിഹ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചില റിക്രൂട്ടിങ് ഓഫിസുകൾ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ എണ്ണം കൂടുതൽ കാണിച്ച് കമീഷൻ വർധിപ്പിക്കാനുളള ഓഫിസുകളുടെ ശ്രമം തുടങ്ങിയ കാരണങ്ങളാണ് പണച്ചെലവ് വർധിപ്പിക്കുന്നത്.
വിദേശകാര്യമന്ത്രാലയമുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിെൻറ ആദ്യപടിയെന്നോണം റിക്രൂട്ടിങ് ചെലവ് കൂടാനുള്ള യാഥാർഥ കാരണം കണ്ടെത്താൻ പഠനം നടത്തും. റിക്രൂട്ടിങ് ഓഫിസുകളുടെ കമീഷൻ നിജപ്പെടുത്താനും ആലോചനയുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഓഫിസുകൾക്കും കമ്പനികൾക്കും ഇതിനകം അനുമതി നൽകിയിട്ടുണ്ട്.
ഇത്തരം കമ്പനികൾ തുറക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ അടുത്തിടെ എളുപ്പമാക്കിയിട്ടുമുണ്ട്. റിക്രൂട്ടിങ് ഓഫിസുകളും കമ്പനികളും കൂടുന്നത് ഈ രംഗത്ത് കിടമത്സരത്തിനും അതുവഴി സാമ്പത്തിക ചെലവ് കുറയുന്നതിനും ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനും പുറമെയാണ് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ‘അൽദുർറ’ എന്ന പേരിൽ പ്രത്യേക കമ്പനി സ്ഥാപിക്കാനുള്ള തീരുമാനം. ഇതെല്ലാം ഫലം കണ്ടുതുടങ്ങുന്നതോടെ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചെലവ് കുറയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
