വീട്ടുജോലിക്കാര്‍ക്ക് ഇഖാമ പുതുക്കുന്നതിനുമുമ്പ് വൈദ്യപരിശോധന വേണമെന്ന നിയമം പ്രാബല്യത്തില്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ ഇഖാമ പുതുക്കുന്നതിനുമുമ്പ് വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം പ്രാബല്യത്തില്‍.
ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോണ്‍സര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി ആരോഗ്യമന്ത്രാലയമാണ് ഗാര്‍ഹിക ജോലികകര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കിയത്. ഇന്ത്യ ഉള്‍പ്പെടെ നാല്‍പതോളം രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്കാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം ബാധകമാകുക.
ഇതനുസരിച്ച് ഗാര്‍ഹികത്തൊഴിലാളിയുടെ ഇഖാമ പുതുക്കി നല്‍കണമെങ്കില്‍ പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തനാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍െറ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന് താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി വ്യക്തമാക്കി.
തൊഴിലാളിയുടെ ആരോഗ്യക്ഷമതാ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം താമസകാര്യ വകുപ്പിലേക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി കൈമാറുകയാണ് ചെയുക.
പകര്‍ച്ചപ്പനി, എലിപ്പനി, വസൂരി, ക്ഷയം, എയ്ഡ്സ് പോലുള്ള അസുഖങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായാണ് സ്വദേശികളുടെ അടുത്ത് ഇടപഴകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഇന്ത്യന്‍ ജോലിക്കാര്‍ താമസകാലയളവിനുള്ളില്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ഇഖാമ പുതുക്കുന്ന സമയത്ത് വൈദ്യപരിശോധന വേണമെന്ന നിയമം നേരത്തേതന്നെ പ്രാബല്യത്തിലുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഏതു രാജ്യത്തുനിന്നുള്ള തൊഴിലാളി ആണെങ്കിലും കുവൈത്തിന് പുറത്തുപോയാലും ഇല്ളെങ്കിലും വൈദ്യപരിശോധന നിര്‍ബന്ധമാണ്.
ഇഖാമ കാലാവധി അവസാനിക്കാറായ തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു മാസത്തേക്ക് താല്‍ക്കാലിക ഇഖാമ അനുവദിക്കുമെന്നും തലാല്‍ അല്‍ മഅ്റഫി പറഞ്ഞു. താല്‍ക്കാലിക ഇഖാമയുടെ കാലാവധി കഴിയുന്നതിനു മുമ്പ് വൈദ്യപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി താമസാനുമതി പുതുക്കിയില്ളെങ്കില്‍ പിന്നീടുള്ള ഓരോ ദിവസത്തിനും പിഴ ഈടാക്കുമെന്നും ഇക്കാര്യത്തില്‍ തൊഴിലുടമകള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.