മണിക്കൂറുകളുടെ കാത്തിരിപ്പ്; ദുരിതമായി കുവൈത്ത് - കോഴിക്കോട് യാത്ര
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലബാർ പ്രവാസികളിലെ യാത്രാദുരിതം തുടരുന്നു. ശനിയാഴ്ച കുവൈത്തിൽനിന്ന് അബൂദബി വഴി കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനം വഴി യാത്രതിരിച്ചവർ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം.
കുവൈത്തിൽനിന്ന് രാവിലെ 10.30നുള്ള വിമാനത്തിൽ അബൂദബിയിലെത്തി അവിടെനിന്നും 2.30 നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിക്കേണ്ട യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരുന്നത് മണിക്കൂറുകളാണ്.
കുവൈത്തിൽ നിന്ന് 10.30നുള്ള വിമാനം വൈകിയതാണ് യാത്രക്കാരുടെ ഷെഡ്യൂൾ മൊത്തം തകിടംമറിച്ചത്. ഈ വിമാനം 12.30 ഓടെയാണ് കുവൈത്തിൽനിന്നും പുറപ്പെട്ടത്. ഇതോടെ അബുദാബിയിൽനിന്ന് 2.30ന് പുറപ്പെടുന്ന കോഴിക്കോട് വിമാനം ഈ യാത്രക്കാർക്ക് നഷ്ടപ്പെട്ടു. രാത്രി 11.30നാണ് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് അടുത്ത എയർ അറേബ്യ വിമാനം എന്നതിനാൽ 10 മണിക്കൂറോളം കോഴിക്കോട് യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
കുടുംബങ്ങളടക്കം നിരവധി യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ കോഴിക്കോട് എത്തേണ്ടവർ ഞായർ പുലർച്ച നാല് മണിയോടെയാണ് എത്തിയത്.
കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടു സർവിസ് നടത്തിയിരുന്ന ഏക വിമാനമായ എയർ ഇന്ത്യ എക്സ്പ്രെസ് അടുത്തിടെ നിർത്തിവെച്ചതോടെ കുവൈത്ത് യാത്രക്കാർക്ക് കണക്ഷൻ ഫ്ലൈറ്റ് മാത്രമാണ് നിലവിൽ ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

