പ്രതാപകാലം വീണ്ടെടുക്കാൻ കുതിരവിപണി
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ കുതിരകളുടെ വിൽപനക്കും കയറ്റുമതിക്കുമായി ബിസിനസ് സെൻറർ തുറക്കാൻ കുവൈത്ത് ആലോചിക്കുന്നു. വേഗം കൊണ്ടും സൗന്ദര്യംകൊണ്ടും കരുത്തുകൊണ്ടും ലോകത്തിൽതന്നെ ശ്രദ്ധേയമാണ് അറേബ്യൻ കുതിരകൾ. പണ്ടുമുതലേ ഇൗ സൽപേര് ഇവക്കുണ്ട്. മുൻകാലങ്ങളിൽ ഇവയുടെ വ്യാപാരം സജീവമായിരുന്നതായി കുവൈത്തി ചരിത്രകാരൻ യൂസുഫ്ബിൻ ഇൗസ അൽ ഖിനാഇയുടെ ‘കുവൈത്ത് ചരിത്രത്തിെൻറ ഏടുകൾ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അയൽരാജ്യങ്ങളിലേക്കും ഇന്ത്യൻ നഗരങ്ങളായ ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിലേക്കും കുവൈത്ത് വ്യാപാരികൾ അറേബ്യൻ കുതിരകളെ വിൽപന നടത്തിയിരുന്നതായി പുസ്തകത്തിൽ പറയുന്നു.
1816ൽ ഇന്ത്യയിലേക്ക് 1500 കുതിരകളെ കുവൈത്തിൽനിന്ന് കയറ്റിയയച്ചതായി സെൻറർ ഫോർ റിസർച് ആൻഡ് സ്റ്റഡീസ് ഒാഫ് കുവൈത്ത് പ്രസിദ്ധീകരിച്ച ജയിംസ് ബക്കിങ്ഹാമിെൻറ ‘ദ കുവൈത്ത് മെസേജ്’ എന്ന യാത്രാ വിവരണത്തിൽ സൂചനയുണ്ട്. അന്ന് 300 രൂപയായിരുന്നു ഒരു കുതിരയുടെ വില. ഇന്ത്യൻ രൂപയായിരുന്നു അക്കാലത്ത് കുവൈത്തിെൻറ വിനിമയ കറൻസി. കുതിരയുടെ വിലയ്ക്ക് പുറമെ 200 രൂപ കൊണ്ടുപോവുന്നതിനും മറ്റുമായി ചെലവ് വരുമായിരുന്നു. ബോംബെയിൽ അറേബ്യൻ കുതിരകളെ വിറ്റിരുന്നത് 800 രൂപ വരെ വില ഇൗടാക്കിയായിരുന്നു. കൽക്കട്ടയിൽ 1000 രൂപക്കാണ് വിറ്റിരുന്നതെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. മുൻ കുവൈത്ത് ഭരണാധികാരി ശൈഖ് സാലിം അൽ മുബാറക് അസ്സബാഹ് ബ്രിട്ടനിലെ ജോർജ് രാജാവിന് 1919ൽ അറേബ്യൻ കുതിരയെ സമ്മാനമായി നൽകി. ഒന്നാം ലോകയുദ്ധത്തിലെ വിജയാഘോഷ ചടങ്ങിലേക്ക് ശൈഖ് സാലിം അൽ മുബാറക് അസ്സബാഹിനെ ക്ഷണിച്ചതിനെ തുടർന്നാണ് കുതിരയെ നൽകിയത്.
സ്വദേശികൾക്ക് കുതിരകളുമായി ബന്ധപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി ശൈഖ് ജാബിർ അൽ അബ്ദുല്ല അൽ ജാബിർ അസ്സബാഹ് 1954ൽ സൽവ പാർക്ക് സ്ഥാപിച്ചു. കുതിരപ്പന്തയം പ്രധാന കായിക ഇനമാണ് ഇപ്പോഴും. കുവൈത്തിൽ വർഷം തോറും നടത്തുന്ന കുതിരയോട്ട മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് പങ്കാളിത്തം ഉണ്ടാവാറുണ്ട്.
കാറുകളും മറ്റു വാഹനങ്ങളും വ്യാപകമായതോടെ യാത്രാ ആവശ്യത്തിന് കുതിരയെ ഉപയോഗിക്കാതെയായി. പ്രത്യേക അഭിലാഷം മൂലം ചില സമ്പന്ന വ്യക്തികൾ മാത്രമാണ് ഇപ്പോൾ കുതിരയെ നോക്കുന്നത്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് കുവൈത്ത് അറേബ്യൻ കുതിരകളുടെ വാണിജ്യ കേന്ദ്രം സ്ഥാപിക്കാൻ ആലോചിക്കുന്നത്. കുവൈത്തിനെ സംബന്ധിച്ചിടത്തോളം ഇത് ഉജ്ജ്വലമായ പാരമ്പര്യത്തിെൻറ ഒാർമപ്പെടുത്തൽ കൂടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
