ഹുർമുസിൽ യു.എ.ഇ കപ്പലിനുനേരെ ആക്രമണം; അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണക്കപ്പലിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817 ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഈ ആക്രമണം. ഇത് സമുദ്ര ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും ഭീഷണിയാണെന്നും കുവൈത്ത് വ്യക്തമാക്കി.
തർക്കങ്ങൾ വർധിപ്പിക്കുന്ന ഇത്തരം നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമുദ്രപാതകളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പൂർണമായി തള്ളിക്കളയുന്നതായും മന്ത്രാലയം ആവർത്തിച്ചു. യു.എ.ഇയോട് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, സ്വന്തം പരമാധികാരവും സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു.
ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം -യു.എ.ഇ
അഡ്നോക് ചരക്കുകപ്പലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന യു.എൻ സുരക്ഷാ കൗൺസിലിന്‍റെ 2817-ാം പ്രമേയത്തിന്‍റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും അന്താരാഷ്ട്ര സമുദ്രപാതകൾ തടസ്സപ്പെടുത്തുന്നതും യു.എൻ പ്രമേയം തള്ളിക്കളയുന്നുണ്ട്. ഇറാന്‍റെ റെവല്യൂഷനറി ഗാർഡ് കോർപ്സ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാമ്പത്തിക ഭീഷണിക്കായി ഹോർമുസ് കടലിടുക്കിനെ ആയുധമാക്കുന്നതും ചെയ്യുന്നത് കടൽക്കൊള്ളക്ക് തുല്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് മേഖലയുടെ സ്ഥിരതക്കും ജനങ്ങൾക്കും ആഗോള ഊർജ്ജ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണ്.
കാരണമില്ലാതെയുള്ള ഇത്തരം ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം. എല്ലാവിധ ശത്രുതാപരമായ നടപടികളും ഉടനടി നിർത്തിവെക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരത്തിന്‍റെയും സ്ഥിരത നിലനിർത്തുന്നതിനുമായി ഹുർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ പൂർണമായി തുറന്നുകൊടുക്കണമെന്നും യു.എ.ഇ കൂട്ടിച്ചേർത്തു. ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ രാജ്യങ്ങളും അഡ്നോക് ടാങ്കറിനുനേരെ ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

