ഗാർഹിക തൊഴിലാളികൾക്കായി ഓൺലൈനായി അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് കാര്യങ്ങൾക്കുവേണ്ടി രൂപവത്കരിച്ച അൽ ദുർറ കമ്പനി അധികൃതർ പറഞ്ഞു. സർക്കാർ മേൽനോട്ടത്തിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന റിക്രൂട്ടിങ് കമ്പനിക്ക് ആറ് ഗവർണറേറ്റുകളിലും ഓഫിസുകൾ ഉണ്ടാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ ഓഫിസുകൾ ഒക്ടോബർ ഒന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. കമ്പനിയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ ജംഇയ്യകൾ കേന്ദ്രീകരിച്ച് ആറ് ഓഫിസുകളാണ് ഒക്ടോബർ മുതൽ പ്രവർത്തിക്കുക. അതത് ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന സ്വദേശി സ്പോൺസർമാർ ഈ ഓഫിസുകളെ സമീപിച്ചാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്.
അതേസമയം, എത്തിച്ചുകഴിഞ്ഞ വേലക്കാരികളെ ഓഫിസിലെത്തി സ്വീകരിക്കണം. വിവരമറിയിച്ച് 24 മണിക്കൂറിനകം വേലക്കാരികളെ ഏറ്റുവാങ്ങാതിരുന്നാൽ സംഭവിക്കുന്ന കാര്യങ്ങൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം സ്പോൺസർമാർക്കായിരിക്കും. ജോലി അറിയുന്ന യോഗ്യരായ ജോലിക്കാരികളെ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്. ബലിപെരുന്നാളിന് മുമ്പ് മൂന്ന് രാജ്യങ്ങളുമായി റിക്രൂട്ട്മെൻറ് സംബന്ധിച്ച കരാറിലൊപ്പിടുമെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, കമ്പനി പ്രവർത്തനക്ഷമമാകുന്നതോടെ വിദേശ രാജ്യങ്ങളിൽനിന്ന് വീട്ടുജോലിക്കാരികളെ കൊണ്ടുവരുന്നതിനുള്ള ചെലവ് 350 ദീനാറായി ചുരുങ്ങുമെന്ന വാർത്ത കമ്പനി അധികൃതർ നിഷേധിച്ചു. റിക്രൂട്ടിങ് ബാധ്യത ഇത്രക്ക് കുറയില്ലെന്നും ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
