പ്രണാമം; ഇനി വാക്കും അക്ഷരങ്ങളുമായി തുടരും...
text_fieldsഎത്ര വായിച്ചാലും കണ്ടാലും മലയാളിക്ക് മടുക്കാത്ത ശൈലിക്ക് ഉടമയാണ് എം.ടി. എല്ലാ പൊയ്മുഖങ്ങളെയും ചുരുങ്ങിയ വാക്കുകളില് കഥകളിലൂടെ എം.ടി തുറന്നുകാട്ടി. ചുരുങ്ങിയ ജീവിത കാലയളവിൽ മനുഷ്യന് ആടി തീർക്കുന്ന പല വേഷങ്ങൾ ആ വിരൽത്തുമ്പിലൂടെ കഥകളായി വിരിഞ്ഞു. മനുഷ്യന്റെ ആഗ്രഹങ്ങളും നിസ്സഹായതയും സ്വാര്ഥതയും നിരാശയും കാത്തിരിപ്പുമെല്ലാം പല രൂപത്തിൽ നമ്മൾ വായിച്ചറിഞ്ഞു. എല്ലാറ്റിനെയും നിസ്സംഗതയോടെ നോക്കിക്കാണുന്ന കഥകളിലെ മനുഷ്യർ നമ്മൾ തന്നെയാണെന്ന് പലപ്പോഴും തോന്നി.
കുവൈത്ത് സിറ്റി: കഥയും സിനിമയും നാടകവും വാക്കും വർത്തമാനവുമായി മലയാളിയുടെ ഭാവുകത്വത്തെ ഉണർത്തി ലോകത്തോളം വളർന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന് കുവൈത്ത് പ്രവാസികളുടെ അനുശോചനം. പ്രിയ എഴുത്തുകാരന്റെ വിയോഗത്തിൽ വിവിധ മലയാളി സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു.
കല കുവൈത്ത്
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിക്കുകയും ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് കല കുവൈത്ത്. മലയാള ഭാഷക്കും സാഹിത്യത്തിനും എം.ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. കേരളത്തിന് നികത്താനാകാത്ത നഷ്ടമായ എം.ടിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
കെ.ഐ.ജി കുവൈത്ത്
വിശ്വപ്രശസ്ത മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കെ.ഐ.ജി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യ - സിനിമ ലോകത്തെ ജ്വലിക്കുന്ന നക്ഷത്രമാണ് ഓർമയായിരിക്കുന്നത്. കഥകൾ, നോവലുകൾ, ചലച്ചിത്ര രചനകൾ തുടങ്ങിയ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും മൗലികമായ സംഭാവനകൾ അർപ്പിച്ച എം.ടിയെപ്പോലുള്ള ഒരു പ്രതിഭയുടെ നഷ്ടം മലയാള ഭാഷക്ക് താങ്ങാൻ സാധിക്കാത്തതാണ്.
അദ്ദേഹത്തിന്റെ സ്മരണകൾ സാഹിത്യരംഗത്ത് എന്നും നിലനിൽക്കും. തന്റെ സൃഷ്ടികളിലൂടെ എം.ടി ജന മനസുകളിൽ ജീവിക്കുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കേരള ഇസ്ലാമിക് ഗ്രൂപ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കെ.എം.സി.സി
എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു. വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ ലോകത്തിനും കേരള സമൂഹത്തിനും നികത്താൻ സാധിക്കാത്ത നഷ്ടമാണെന്ന് ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. എം.ടിയുടെ വിയോഗത്തിലൂടെ മലയാളികൾക്ക് ഉണ്ടായ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഒ.ഐ.സി.സി
മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
കെ.കെ.എം.എ
നിര്യാണത്തിൽ കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ അനുശോചിച്ചു. മനുഷ്യ ഹൃദയത്തിന്റെ ദർശനങ്ങളെ തൊട്ടുണർത്തുന്നതും ജീവിതത്തിന്റെ സങ്കീർണതകളെ മനസിലാക്കുന്നതുമാണ് എം.ടിയുടെ സൃഷ്ടികൾ. പ്രവാസികൾക്ക് ഗൃഹാതുരത അയവിറക്കാനുള്ള എറ്റവും നല്ല മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ വായനയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പക്ഷപാതമില്ലാത്ത നിലപാടും എല്ലാ കാലത്തും ശരിയുടെ പക്ഷത്ത് നില കൊള്ളുകയും ചെയ്ത എം.ടിയുടെ നിര്യാണം കേരളക്കരക്കാകെ തീരാനഷ്ടമാണെന്നും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.കെ.എം.എ പറഞ്ഞു.
കേരള അസോസിയേഷൻ കുവൈത്ത്
എം.ടിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിഹരിച്ച പ്രതിഭയെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. അധ്യാപകൻ, പത്രാധിപർ, സംവിധായകൻ എന്നീ നിലയിലും മുദ്ര പതിപ്പിച്ച സഹിത്യകാരനായിരുന്നു എം.ടി. വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സാംസ്കാരിക കേരളത്തിനുമൊപ്പം കേരള അസോസിയേഷൻ കുവൈത്തും എല്ലാ വേദനയിലും പങ്കുകൊള്ളുന്നതായും കേരള അസോസിയേഷൻ വ്യക്തമാക്കി.
പ്രവാസി വെൽഫെയർ
എം.ടി.യുടെ വേർപാട് മലയാള സാഹിത്യത്തിന്റെയും സിനിമ ലോകത്തിന്റെയും പൂർണ നഷ്ടമാണെന്ന് പ്രവാസി വെൽഫെയർ അനുശോചനത്തിൽ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ സ്വപ്നങ്ങളെയും വേദനകളെയും മനുഷ്യരുടെ ഹൃദയങ്ങളിലേക്കുള്ള വഴികളെയും അദ്ദേഹം പകർത്തി. ആ എഴുത്തുകളും സിനിമകളും മനുഷ്യരുടെ ജീവിതവുമായി ചേർന്നുപോകുന്ന അനുഭവങ്ങളായി മാറി. മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും വ്യത്യസ്ത വഴിക്ക് തുടക്കമിട്ട് എം.ടി കൊളുത്തി വെച്ച വെളിച്ചം ഇനിയും കെടാതെ തുടരുമെന്നും അനുശോചനക്കുറിപ്പിൽ സൂചിപ്പിച്ചു.
ഐ.എം.സി.സി
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി അനുശോചിച്ചു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരൻ, വർഗീയതയോട് കലഹിച്ച സാംസ്കാരിക പ്രവർത്തകൻ, മലയാളികൾ കൊണ്ടാടുന്ന സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ പല വേഷങ്ങളിൽ നിറഞ്ഞാടിയ എം.ടി എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും ഐ.എം.സി.സി നേതാക്കളായ സത്താർ കുന്നിൽ, ശരീഫ് താമരശ്ശേരി, ഹമീദ് മധൂർ, അബൂബക്കർ എ.ആർ നഗർ എന്നിവർ അനുസ്മരിച്ചു.
കോഴിക്കോട് ജില്ല അസോസിയേഷൻ
മലയാള സാഹിത്യത്തിന് വേറിട്ട ശബ്ദം നൽകിയ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തെ ലോക സാഹിത്യങ്ങളുടെ നെറുകിയിൽ എത്തിച്ച കല-സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു.
എം.ടിക്ക് കുവൈത്തിൽ നൽകിയ സ്വീകരണത്തിൽ വിവിധ സംഘടന പ്രതിനിധികൾ
ലോക സാഹിത്യത്തിനു നികത്താനാകാത്ത നഷ്ടമായ എം.ടിയുടെ വേർപാടിൽ അനുശോചനം അറിയിക്കുന്നതായി കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് നജീബ് പി.വി ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ
മലയാളത്തിന്റെ അഭിമാനവും സാഹിത്യ സാംസ്കാരിക രംഗത്ത് കേരളത്തിന് പകരം വെക്കാനില്ലാത്ത നായകനുമാണ് എം.ടിയെന്ന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളികളുടെ മനസ്സറിഞ്ഞ സാഹിത്യകാരൻ, മാധ്യമ പ്രവർത്തകൻ, സിനിമ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന എം.ടിയുടെ വിയോഗം കേരളക്കരക്ക് തീരാനഷ്ടമാണെന്നും പ്രസിഡന്റ് ജിനീഷ് നാരായണൻ, ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ ട്രഷറർ സാഹിർ പുളിയഞ്ചേരി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
പി.സി.ഡബ്ല്യു.എഫ്
മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗം ലോക മലയാളികൾക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം അനുശോചനക്കുറിപ്പിൽ അറിയിച്ചു. സിനിമ, കല, സാഹിത്യം, പത്രപ്രവർത്തനം സാമൂഹികവും സാംസ്കാരികവുമായുള്ള വിഷയങ്ങളിലുള്ള ഇടപെടൽ എന്നിവയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ മനുഷ്യസ്നേഹി കൂടിയായിരുന്നു എം.ടി എന്നും ചൂണ്ടിക്കാട്ടി.
കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി
അക്ഷരങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ അനശ്വരമായ സ്ഥാനമുണ്ടാക്കിയ എം.ടി ഭാഷയുടെ ഏറ്റവും മഹത്വമുള്ള ദൂതനായിരുന്നുവെന്ന് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി വ്യക്തമാക്കി. എം.ടിയുടെ ഓരോ കൃതിയും മനുഷ്യജീവിതത്തിന്റെ പച്ചയായ ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു. മലയാളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടതെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രവാസ അനുഭവങ്ങൾ നേരിട്ടറിഞ്ഞ് കുവൈത്തിൽ
മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ കഥ മറ്റൊരു തലത്തിൽ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെ വരച്ചിട്ട എം.ടി കുറഞ്ഞ ദിവസമെങ്കിലും കുവൈത്തിന്റെ മണ്ണിൽനിന്ന് അതിന്റെ വേവും ചൂടും നേരിട്ടറിഞ്ഞയാളാണ്. കുവൈത്ത് ഇന്ത്യൻ എംബസിയുടെ സഹകരണത്തിൽ ‘കുവൈത്ത് റൈറ്റേഴ്സ് ഫോറം’ ഒരുക്കിയ സ്വീകരണത്തിലാണ് 1997ലെ ഒരു വിഷുക്കാലത്ത് എം.ടി കുവൈത്തിലെത്തുന്നത്. ഭാര്യക്കും മകൾക്കുമൊപ്പം കുവൈത്തിലെത്തിയ എം.ടി ഒരാഴ്ച കുവൈത്തിൽ താമസിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്താണ് മടങ്ങിയത്. ഇന്ത്യൻ എംബസി ഹാളിൽ അന്ന് ഒരുക്കിയ സാഹിത്യ ശിൽപശാലയിൽ എഴുത്തുകാരും സഹൃദയരും ഒത്തുചേർന്നത് ആ തലമുറയിലെ പലർക്കും ഇപ്പോഴും ഓർമയുണ്ട്.
കുവൈത്ത് കേരള മുസ്ലിം കൾചറൽ സെന്റർ നൽകിയ സ്വീകരണത്തിൽ എം.ടി സംസാരിക്കുന്നു
എഴുത്തിന്റെയും വായനയുടെയും കഥകൾ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ന് എം.ടി സഹൃദയരുമായി പങ്കുവെച്ചു.
എം.ടി ചിത്രങ്ങൾ കോർത്തിണക്കിയ ചലചിത്രോത്സവത്തിനും അന്ന് കുവൈത്ത് സാക്ഷിയായി. ‘എം.ടിയുടെ ഹൃദയത്തിലൂടെ’ എന്ന ഡോക്യൂമെന്ററിയും വൈശാലിയും ഒരു വടക്കൻ വീരഗാഥയും ഉൾപ്പടെയുള്ള എം.ടി ചലച്ചിത്രങ്ങളും പ്രദർശിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ നടന്ന ചലചിത്രോത്സവത്തിൽ എം.ടിയുടെ സാന്നിധ്യവുമുണ്ടായി. സന്ദർശനത്തിനിടെ വന്നെത്തിയ ആ വർഷത്തെ വിഷുവും പ്രവാസി മലയാളികൾക്കൊപ്പമാണ് എം.ടി ആഘോഷിച്ചത്. മലയാളി സംഘടനകൾക്കൊപ്പം ഇന്ത്യൻ പ്രവാസികൾ ഒരുമിച്ചാണ് അന്ന് എം.ടിയെ സ്വീകരിച്ചതും യാത്രയാക്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

